അതിരൂപതയില്‍ നീതി നടപ്പാക്കണം: സിനഡ് വേദിയിലേക്ക് വിശ്വാസികളുടെ പ്രാര്‍ത്ഥനാ റാലി
സിനഡിന്റെ തീരുമാനം എന്തുതന്നെ ആയാലും അത് എറണാകുളം അതിരൂപതയ്ക്ക് നീതിയല്ലെങ്കില്‍ വിശ്വാസികളും തങ്ങളുടെ വൈദികരും ഇതംഗീകരിച്ചുതരില്ലെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ റാലി നടത്തി. ഉച്ചകഴിഞ്ഞ് നടത്തിയ പ്രാര്‍ത്ഥനാ റാലിയില്‍ അതിരൂപതയിലെ വിവിധ ഫൊറോനകളില്‍നിന്നായി 5,000 ലധികം വിശ്വാസികള്‍ പങ്കെടുത്തു.
സിനഡ് നടക്കുന്ന വേദിയിലേക്ക് പ്രതിഷേധപ്രകടനം നടത്താനും തുടര്‍ന്ന് വേദിക്കുസമീപം കുടില്‍കെട്ടി സമരം നടത്താനുമായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സമരത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ കഴിഞ്ഞദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് ഇവര്‍ പ്രതിഷേധപ്രകടനം വേണ്ടെന്നുവച്ച് പ്രാര്‍ത്ഥനാ റാലി നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എറണാകുളം അതിരൂപതയ്ക്ക് നീതി ലഭിക്കുംവരെ സമരം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. വത്തിക്കാന്റെ വ്യക്തമായ നിര്‍ദേശങ്ങള്‍ രണ്ടുതവണയായി സിനഡിന് നല്‍കിക്കഴിഞ്ഞു.
എന്നാല്‍, അതനുസരിച്ച് ചര്‍ച്ച മുന്നോട്ടുപോവുന്നില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. സിനഡിന്റെ തീരുമാനം എന്തുതന്നെ ആയാലും അത് എറണാകുളം അതിരൂപതയ്ക്ക് നീതിയല്ലെങ്കില്‍ വിശ്വാസികളും തങ്ങളുടെ വൈദികരും ഇതംഗീകരിച്ചുതരില്ലെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍ മൂലന്‍, ജോസ് മഴുവഞ്ചേരി, ഷൈജു ആന്റണി, മാത്യു കാറോണ്ടുകടവില്‍ സംസാരിച്ചു. അതിരൂപതാ കോര്‍ ടീം അംഗങ്ങളായ റിജു കാഞ്ഞൂക്കാരന്‍, ബോബി ജോണ്‍ മലയില്‍, ജോജോ ഇലഞ്ഞിക്കല്‍, ജോമോന്‍ തോട്ടാപ്പിള്ളി, സൂരജ് പൗലോസ്, വിജിലന്‍ ജോണ്‍, ജൈമോന്‍ ദേവസ്യ, ഷിജോ മാത്യു റാലിക്ക് നേതൃത്വം നല്‍കി.