കെ സുധാകരന്‍ എംപിയുടെ ഇടപെടല്‍; എത്യോപ്യയില്‍ കുടുങ്ങിയ 31 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍യാത്രയ്ക്ക് അനുമതി
കണ്ണൂര്‍: എത്യോപ്യയില്‍നിന്ന് കാനഡയിലേക്ക് യാത്രാനുമതി കിട്ടാതെ കുടുങ്ങിയ 31 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍യാത്രയ്ക്ക് അനുമതി ലഭ്യമാക്കാന്‍ കെ സുധാകരന്‍ എംപിയുടെ അടിയന്തര ഇടപെടല്‍ ഫലം കണ്ടു. കനേഡിയന്‍ വിസ കരസ്ഥമാക്കിയ 40 പേര്‍ അടങ്ങിയ ഇന്ത്യന്‍ സംഘമാണ് കൊവിഡ് സാഹചര്യത്തില്‍ കൊച്ചിയില്‍നിന്നും എത്യോപ്യ വഴി കാനഡയിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി യാത്രതിരിച്ചത്. മെയ് 16ന് എത്യോപ്യയിലെ അഡിസ് അഹാബ എയര്‍പോര്‍ട്ടിലെത്തിയ സംഘം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിന് ശേഷം ടൊറന്റോയിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈനില്‍ യാത്രചെയ്യാനായിരുന്നു തീരുമാനം.
എന്നാല്‍, എത്യോപ്യന്‍ എമിഗ്രേഷന്‍ അധികൃതര്‍ കാനഡയിലേക്കുള്ള വിമാനത്തില്‍ കയറാനായുള്ള അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അഡിസ് അഹാബയിലെ കനേഡിയന്‍ എംബസിയിലേക്ക് വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കുകയും ചെയ്തു. കനേഡിയന്‍ അധികൃതരുടെ പരിശോധന വൈകിയതിന്റെ അടിസ്ഥാനത്തില്‍ മൂന്നുദിവസത്തോളം ഈ സംഘം അഡിസ് അഹാബയില്‍ കുടുങ്ങി. യാത്രാനുമതി കിട്ടാതെ ബുദ്ധിമുട്ടിലായ ചില വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ വിഷയം പേരാവൂര്‍ എംഎല്‍എ അഡ്വ.സണ്ണി ജോസഫിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
എംഎല്‍എ കെ സുധാകരന്‍ എംപിയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടല്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവുമായും അഡിസ് അഹാബയിലെ ഇന്ത്യന്‍ എംബസിയുമായും കെ സുധാകരന്‍ എംപി ബന്ധപ്പെട്ട് കനേഡിയന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും എത്യോപ്യന്‍ എയര്‍ലൈനില്‍ ഇന്നലെ രാത്രിയില്‍ 31 പേര്‍ക്ക് തിരിച്ച് ടൊറന്റോയിലേക്ക് യാത്രചെയ്യാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.
40 അംഗ വിദ്യാര്‍ഥികളില്‍ എട്ടുപേര്‍ക്ക് യാത്രചെയ്യാനുള്ള അനുമതി ഇനിയും ലഭിക്കാനുണ്ട്. അതില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതുമൂലം ക്വാറെൈന്റനിലേക്ക് മാറ്റുകയും ചെയ്തുവെന്ന വിവരം വിദേശകാര്യമന്ത്രാലയം കെ സുധാകരന്‍ എംപിയെ രേഖാമൂലം അറിയിച്ചു. സമയോചിതമായി കെ സുധാകരന്‍ എംപി ദ്രുതഗതിയില്‍ ഇടപെട്ടതുമൂലമാണ് വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് അനുമതി ലഭ്യമായത്. കേരളത്തിലെ ഒരു സ്വകാര്യ ട്രാവല്‍ കമ്പനി വിദ്യാര്‍ഥികളുടെ യാത്ര എത്യോപ്യ വഴി കാനഡയിലേക്കെത്താനുളള യാത്രാമാര്‍ഗം ഷെഡ്യൂള്‍ ചെയ്തു.