കേന്ദ്ര സഹമന്ത്രി വി മുരളീധരന് രാഷ്ട്രീയതിമിരം ബാധിച്ചു: കടകംപള്ളി സുരേന്ദ്രൻ
ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സർക്കാരിനെതിരായ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അനവസരത്തിലെന്നും കടകംപള്ളി വിമർശിച്ചു.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുരളീധരന് രാഷ്ട്രീയതിമിരം ബാധിച്ചതായും മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം അദ്ദേഹം കാണിക്കരുതെന്നും കടകംപള്ളി വിമർശിച്ചു.
ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സർക്കാരിനെതിരായ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അനവസരത്തിലെന്നും കടകംപള്ളി വിമർശിച്ചു. ആദ്യം സ്വന്തം ഉത്തരവാദിത്വം നിർവഹിക്കാൻ മുരളീധരൻ തയാറാകണം. വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും കടകംപള്ളി പറഞ്ഞു.
സർക്കാരിന്റെ ജാഗ്രതയില്ലായ്മയും അമിത ആത്മവിശ്വാസവുമാണ് ഇടുക്കിയും കോട്ടയവും ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് പോകാൻ കാരണമെന്ന് മുരളീധരൻ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. ഇതിനെതിരേയാണ് വിമർശനവുമായി കടകംപള്ളി രംഗത്തെത്തിയത്.
കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ മാതൃക സ്വീകരിക്കാൻ മറ്റ് സംസ്ഥാനങ്ങളോട് അഭ്യർഥിക്കുകയാണ് മുരളീധരൻ ചെയ്യേണ്ടത്. നിതാന്ത ജാഗ്രത കൊണ്ട് മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ എന്ന് മുഖ്യമന്ത്രി എല്ലാ ദിവസവും കേരളത്തിലെ മലയാളികളോട് സംസാരിക്കുന്നുണ്ട്. വിദേശ കാര്യ സഹമന്ത്രി എന്ന നിലയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ പെട്ട് നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികളെ കഴിയുന്നത്ര വേഗതയിൽ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം വി മുരളീധരനുണ്ട്. ഈ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് പ്രവാസികളുടെ ഉത്കണ്ഠയ്ക്ക് പരിഹാരം കാണുകയാണ് അദ്ദേഹം ചെയ്യേണ്ടത്.
ഏറ്റവും കൂടുതൽ കോവിഡ് ബാധ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് വെച്ചടി വെച്ചടി കയറുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കൊവിഡ് ഭീതിയിലാണ്. കേന്ദ്രസർക്കാരിന്റെ മൂക്കിന് കീഴെയാണ് ഡൽഹി. അവിടെ പോലും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. പ്രധാനനഗരമായ മുംബൈ കൊവിഡ് ബാധിതരെ ക്കൊണ്ട് നിറയുകയാണ്. അവിടേക്കൊന്നും കേന്ദ്രമന്ത്രി വി മുരളീധരന്റെ കണ്ണ് പോകുന്നില്ല. അദ്ദേഹത്തിന്റെ ദുഷ്ടലാക്ക് ലോകം ആദരവോട് കാണുന്ന നമ്മുടെ സംസ്ഥാനത്ത് വല്ല കുറവുമുണ്ടോ എന്നന്വേഷിക്കുന്നതിലാണെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.