പൗരത്വ നിഷേധം: കുരിശിലേറ്റിയ നിലയിൽ പ്രതിഷേധിച്ച കമല്‍ സി നജ്മലിനെ അറസ്റ്റ് ചെയ്തു (വീഡിയോ)
പൗരത്വത്തിന്റ പേരില്‍ കുരിശില്‍ തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ തൂങ്ങിക്കിടന്നായിരുന്നു കമല്‍ സി നജ്മല്‍ പ്രതിഷേധിച്ചത്. കൂടെ അദ്ദേഹത്തിന്റെ മകളുമുണ്ടായിരുന്നു.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മഴവില്‍ പ്രതിരോധവുമായി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി നജ്മല്‍. സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു ഒറ്റയാൾ പ്രതിഷേധം. സംഘകുരിശില്‍ പൗരത്വത്തിന്റ പേരില്‍ തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ തൂങ്ങിക്കിടന്ന് പ്രതിഷേധിച്ച കമല്‍ സി നജ്മലിനേയും മകളെയും ഉച്ചയോടെ കന്റോൺമെന്റ് പോലിസ് അറസ്റ്റ് ചെയ്തുനീക്കി. ഒരു പ്രശ്നവുമില്ലാതെ സമാധാനപരമായി നടത്തിയ സമരം പോലിസ് ഇടപെട്ട് ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കുകയായിരുന്നു.
രാവിലെ ഏഴരയോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. പൗരത്വത്തിന്റ പേരില്‍ കുരിശില്‍ തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ തൂങ്ങിക്കിടന്നായിരുന്നു കമല്‍ സി നജ്മല്‍ പ്രതിഷേധിച്ചത്. കൂടെ അദ്ദേഹത്തിന്റെ മകളുമുണ്ടായിരുന്നു. ഒരു മുസ്‌ലിമിനെ കഴുത്തില്‍ കയര്‍കെട്ടി വലിച്ച് പ്രകടനമായി കൊണ്ടുവന്ന് വലിയ സംഘക്കുരിശില്‍ തൂക്കിയിടുന്നു. പിന്നെ പൗരത്വ പരിശോധന നടക്കുന്നു. പൗരത്വ പരിശോധന നടത്തുന്ന തോക്കേന്തിയ വിദഗ്ധ സംഘം കൂടെയുണ്ടാവും.
വിദ്യാർഥികൾ ഉൾപ്പടെ നിരവധി സംഘടനകളാണ് മഴവില്‍ പ്രതിരോധത്തിനു ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. വൈകിട്ട് ആറു വരെ കുരിശില്‍ കിടക്കുമെന്നായിരുന്നു കമൽ അറിയിച്ചിരുന്നത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പരിപാടിയുടെ ഭാഗമാവാമെന്നും കമല്‍ സി നജ്മല്‍ പറഞ്ഞിരുന്നു.