എന്‍ആര്‍സി പൗരത്വത്തെയാണ് നിരാകരിക്കുമ്പോള്‍ വഖ്ഫ് ഭേദഗതി സമുദായ അസ്തിത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു

Update: 2024-09-14 09:54 GMT


പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

(മുന്‍ മെംബര്‍, കേരള സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡ് )


മനുഷ്യ നന്മയ്ക്കു വേണ്ടി സ്വന്തം അധീനതയിലുള്ള സ്വത്തുവകകള്‍ എന്നെന്നേക്കുമായി, നിരന്തര ദാനമായിനേര്‍ന്ന് നീക്കിവയ്ക്കുന്ന പുണ്യകര്‍മമാണ് വഖ്ഫ്. ഇന്ത്യ-പാക് വിഭജനം ഉള്‍പ്പെടെ പലവിധ കാരണത്താല്‍ ഒട്ടേറെ വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. പുരാവസ്തു സംരക്ഷണം പോലുള്ള പല ന്യായങ്ങള്‍ പറഞ്ഞ് ഒട്ടേറെ വഖ്ഫുകള്‍ പ്രവര്‍ത്തനരഹിതമായ നിലയില്‍ തടഞ്ഞുവയ്ക്കപ്പെട്ടിട്ടുമുണ്ട്. 1947ല്‍ ഇന്ത്യ ഗവണ്‍മെന്റ് നിയമിച്ച ബാര്‍ണേ കമ്മിറ്റി കണ്ടെത്തിയത് ഡല്‍ഹിയില്‍ മാത്രം 126 പള്ളികളെങ്കിലും അന്യാധീനപ്പെട്ടിട്ടുണ്ടെന്നാണ്. 1979ല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രസ്താവിച്ചതനുസരിച്ച് കൊല്‍ക്കത്തയില്‍ മാത്രം ചുരുങ്ങിയത് 59 മുസ് ലിം പള്ളികള്‍ ഹൈന്ദവകരങ്ങളിലാണുള്ളത്. പല പത്രങ്ങളും റിപോര്‍ട്ട് ചെയ്തതനുസരിച്ച്, ഡല്‍ഹി മുതല്‍ പാക് അതിര്‍ത്തി വരെയുള്ള പ്രദേശങ്ങളില്‍ ഏതാണ്ട് ഒമ്പതിനായിരത്തോളം ചെറുതും വലുതുമായ പള്ളികളും മറ്റും ഹിന്ദുക്കളും മറ്റിതര സമുദായങ്ങളും കൈയടക്കി വച്ചിട്ടുണ്ടെന്നാണ്. ഇങ്ങനെയുള്ള വളരെ മോശമായ ചുറ്റുപാടില്‍ പൊതുജനങ്ങള്‍ക്ക് പലനിലയ്ക്കും ഉപകരിക്കേണ്ട വഖ്ഫ് സ്വത്തുക്കള്‍ ആവുംവിധം പരമാവധി രക്ഷിക്കാനാണ് വഖ്ഫ് നിയമങ്ങളും വഖ്ഫ് ബോര്‍ഡും ഉണ്ടാക്കിയത്. എന്നാല്‍ 2024 കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന, ഇപ്പോള്‍ ജെപിസിയുടെ മുമ്പാകെയുള്ള ബില്‍ ഇതിനകം നടന്നിട്ടുള്ള കൈയേറ്റങ്ങള്‍ക്ക് ഏതോ നിലയില്‍ സാധൂകരണം നല്‍കാനും നിയമപ്രാബല്യമേകാനും മാത്രമല്ല, ഇനിയും കുറെ വഖ്ഫുകള്‍ പല മാര്‍ഗേണ പിടിച്ചെടുക്കാനുള്ള കുതന്ത്രമാണ്. പൗരത്വത്തെ ഇല്ലാതാക്കുന്ന എന്‍ആര്‍സിയുടെ തുടര്‍ച്ചയാണിത്. എന്‍ആര്‍സി വ്യക്തിയുടെ പൗരത്വത്തെയാണ് നിരാകരിക്കുന്നതെങ്കില്‍ പുതിയ വഖ്ഫ് ഭേദഗതികള്‍ സമുദായത്തിന്റെ അസ്തിത്വത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പുതിയ മോദി സര്‍ക്കാറിന് പഴയ വീര്യം ഇല്ലെങ്കിലും മുസ് ലിം വിരുദ്ധതയില്‍ ഒട്ടും കുറവില്ല.

    ഇന്ത്യയിലാകെ 30 വഖ്ഫ് ബോര്‍ഡുകളുണ്ട്. പള്ളികള്‍, ഖബര്‍സ്ഥാന്‍, മദ്‌റസകള്‍ തുടങ്ങിയവ ഉള്‍പ്പെടെ 9 ലക്ഷത്തോളം വഖ്ഫ് സ്വത്തുക്കളാണ് ഈ ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നത്. വഖ്ഫ് ബോര്‍ഡുകളെ തീര്‍ത്തും നിര്‍വീര്യമാക്കി, ബോര്‍ഡിന്മേല്‍ സര്‍ക്കാരിനും ബ്യൂറോക്രാസിക്കും കൂടുതല്‍ അധികാരം നല്‍കുക, അമുസ് ലിംകളെ വഖ്ഫ് ബോര്‍ഡില്‍ ഉള്‍ക്കൊള്ളിക്കുക, വഖ്ഫ് ട്രൈബുണലുകളുടെ അധികാരം വെട്ടിച്ചുരുക്കുക, പകരം ജില്ലാ കലക്ടര്‍മാര്‍ക്ക് അമിതാധികാരം നല്‍കുകയും ചെയ്തുകൊണ്ട് ഒരുതരം 'കലക്ടര്‍രാജ് ' തന്നെ നടപ്പാക്കാനുള്ള കുല്‍സിത ശ്രമമാണ് പുതിയ ബില്ലിലുള്ളത്.

    നൂറ്റാണ്ടുകളായി ഉപയോഗത്തിലുള്ള വഖ്ഫിനെ അതിന്റെ പഴക്കമേറിയ പാരമ്പര്യവും നിലവിലുള്ള അവസ്ഥയും വച്ച് ഇതേവരെ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്തതിനെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതാണ് നിലവിലുള്ള ബില്ലിന്റെ ഉള്ളടക്കം. ഡല്‍ഹി ജുമാമസ്ജിദ്, ഹൈദരാബാദിലെ മക്കാ മസ്ജിദ് പോലുള്ള പഴക്കവും പാരമ്പര്യവുമുള്ള ധര്‍മ സ്ഥാപനങ്ങളുടെയും മസ്ജിദുകളുടെയും മേല്‍ തര്‍ക്കങ്ങള്‍ കുത്തിപ്പൊക്കി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കലാണ് ഈ ബില്ല് ഉണ്ടാക്കുന്ന ദുഷ്ഫലം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഖ്ഫുകളുടെ അടിയാധാരം കണ്ടെത്തുക പല കാരണങ്ങളാല്‍ സാധിച്ചെന്നു വരില്ല. അത്തരമൊരു ചുറ്റുപാടില്‍ പല തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാക്കിയെടുക്കാന്‍ ഉദ്യോഗസ്ഥരുടെ ഒത്താശകളോടെ സാധിക്കും. പണ്ട് ബാബരി മസ്ജിദിനകത്ത് വിഗ്രഹം പെട്ടെന്ന് 'പ്രത്യക്ഷ'പ്പെട്ടപ്പോള്‍ കുഴപ്പക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കെ കെ നായരെ പോലുള്ള കലക്ടര്‍മാര്‍ക്ക് പുതിയ ബില്ലിനനുസരിച്ച് പണി എളുപ്പമാവും. ഇപ്പോള്‍ നമ്മുടെ നാട്ടിലുള്ള സമുദായ മൈത്രി തകര്‍ക്കലാണ് ഈ ബില്ലിന്റെ ദുഷ്ടലാക്ക്. പാര്‍ലമെന്റില്‍ ജാതി-മത ഭേദമന്യേ ഈ ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തു എന്നത് വളരെ സന്തോഷകരമാണ്. ഭരണമുന്നണിയിലുള്ള ചിലരും ഈ ബില്ലിനോട് വിയോജിക്കുന്നുണ്ട്. 31 അംഗ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയുടെ മുമ്പാകെയുള്ള ഈ ബില്ലിനെ മുസ് ലിംകള്‍ മാത്രമല്ല, മതേതര നിലപാടുള്ള വലിയൊരു വിഭാഗം രാഷ്ട്രീയ സാമൂഹിക നേതാക്കളും ശക്തിയായി എതിര്‍ക്കുന്നുണ്ട്. ജെപിസി യിലെ 31 അംഗങ്ങളില്‍ ഭൂരിപക്ഷവും ഭരണമുന്നണിയുടെ ഇഷ്ടക്കാരാണ്. മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളിലെ എംപിമാരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

    ചുരുക്കത്തില്‍ ഇസ് ലാമിന്റെയും മുസ് ലിംകളുടെയും പൈതൃകത്തെ പരമാവധി ഇല്ലാതാക്കാനും 1995 ല്‍ പരിഷ്‌കരിച്ച വഖ്ഫ് നിയമങ്ങളെ റദ്ദ് ചെയ്യാനുമുള്ള ഹീന തന്ത്രമാണ് പുതിയ ബില്ലിലുള്ളത്. അന്യാധീനപ്പെട്ട വഖ്ഫുകള്‍ തിരിച്ചുകിട്ടാനുള്ള സാധ്യത ഇല്ലാതാക്കുന്നതും നിലവിലുള്ളവ തന്നെ തട്ടിപ്പറിക്കുന്നതുമാണ് ഈ ബില്ല. കാലങ്ങളായി ജന നന്മയും ക്ഷേമവും ലാക്കാക്കി സമുദായം നടത്തുന്ന മഹത്തായ ദാനത്തെ ഇനിയങ്ങോട്ട് നിരുല്‍സാഹപ്പെടുത്തുന്നതാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും വഖ്ഫ് ചെയ്യാന്‍ ആളുകള്‍ ഇനി വളരെ പേടിക്കും.

    വഖ്ഫുകള്‍ വഴി മുസ് ലിംകള്‍ക്ക് ഉണ്ടായേക്കാവുന്ന വളര്‍ച്ചയും ഉയര്‍ച്ചയും അസൂയയോടുകൂടി കാണുന്ന ഹീന ബുദ്ധിയാണ് ഈ ബില്ലിന് പിന്നില്‍ ഒരാള്‍ക്ക് ദര്‍ശിക്കാനാവുന്നത്. മുസ് ലിംകള്‍ ഈ നാടിന്റെ ഭാഗമാണ്. ഇവിടുത്തെ തുല്യ അവകാശമുള്ള, മഹനീയ പാരമ്പര്യമുള്ള സമുദായമാണ്. മുസ് ലിംകളുടെ പുരോഗതി നാടിന്റെ പുരോഗതിയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത ഫാഷിസ്റ്റ് മനോഭാവം മുസ് ലിംകളെ വളരെ വേദനിപ്പിക്കുകയും പിന്നോട്ട് വലിക്കുകയും ചെയ്യുന്നുണ്ട്. ഇത് ദേശീയോദ്ഗ്രഥനത്തിന് ഒട്ടും സഹായകമല്ല.

    ഫാഷിസ്റ്റ് അജണ്ടകള്‍ക്ക് പലവിധ വഴികള്‍ വെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ യത്‌നിക്കുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തവര്‍ ഇനിയും ധാരാളം മസ്ജിദുകളെ ഉന്നംവയ്ക്കുന്നുണ്ട്, നേര്‍ക്കുനേരെയും വക്രമാര്‍ഗങ്ങളിലുടെയും. ഇനി പള്ളികളോ മദ്‌റസകളോ മറ്റിതര വഖ്ഫുകളോ പുതുതായി ഉണ്ടാവാതിരിക്കാനും തന്ത്രപൂര്‍വം കേന്ദ്ര ഭരണകൂടം ശ്രദ്ധിക്കുന്നുണ്ട്. ബഹുജനങ്ങളില്‍ ഈദൃശ കുല്‍സിത നീക്കങ്ങള്‍ക്കെതിരേ ശക്തിയായ പ്രചാരണങ്ങള്‍ നടക്കേണ്ടതുണ്ട്. മതേതര മനസ്സും സമുദായമൈത്രിയും നിലനില്‍ക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്. കാലങ്ങളായി ഇവിടെ നിലനിന്ന സമുദായ മൈത്രിയും സഹിഷ്ണുതയും തച്ചു തകര്‍ക്കുന്നത് ആര്‍ക്കായാലും ഗുണം ചെയ്യില്ല. മുസ് ലിംകള്‍ക്ക് പള്ളിയും മദ്‌റസകളും പണിയാന്‍ സ്ഥലം ദാനം ചെയ്തവരാണ് ഈ നാട്ടിലെ അമുസ് ലിം സഹോദരങ്ങള്‍. പള്ളിയോടും ഇതര മതസ്ഥാപനങ്ങളോടും ഹൈന്ദവ സഹോദരങ്ങള്‍ കാണിക്കുന്ന ആദരവും ബഹുമാനവും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും നല്ലതിനല്ല.

Tags:    

Similar News