വഖഫ് ബില്‍; മുസ് ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം: കെ രാധാകൃഷ്ണന്‍ എം പി; കേരള നിയമസഭയുടെ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരും: സുരേഷ്ഗോപി
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ രാധാകൃഷ്ണന്‍ സംസാരിക്കുന്നതിനിടെ അതിനെ എതിര്‍ത്താണ് സുരേഷ് ഗോപി എംപി രംഗത്തുവന്നത്.സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നു കെ രാധാകൃഷ്ണന്‍ എം പി ലോക്സഭയില്‍ പറഞ്ഞു. മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബില്‍ ന്യൂനപക്ഷവിരുദ്ധമായതിനാല്‍ സിപിഎം എതിര്‍ക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ബില്ലിനെ എതിര്‍ത്തുസംസാരിച്ച സിപിഎം എംപി കെ.രാധാകൃഷ്ണന്‍ പ്രസംഗത്തിനിടെ തന്റെ പേര് പരാമര്‍ശിച്ചതാണ് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കിയത്. ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയം ഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കെ രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞു.
'കേരള ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യമുള്ളതിന്റെ പേരില്‍ അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം കേരളത്തില്‍ ഉണ്ടായിയെന്ന് സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് കെ.രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി. ഇതിനു മറുപടിയായി സുരേഷ് ഗോപി രംഗത്തെത്തി. രാജ്യസഭയില്‍ ബില്‍ പാസാകുന്നതോടെ വഖഫ് ഭേദഗതിക്കെതിരെ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനായി കാത്തിരിക്കാനും സുരേഷ് ഗോപി പറഞ്ഞു.