കണ്ണൂരില്‍ മഴയ്ക്ക് താല്‍ക്കാലിക ശമനം; ക്യാംപുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങുന്നു

ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിത്താമസിച്ച 2,377 കുടുംബങ്ങളില്‍ 700ഓളം കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Update: 2020-08-12 07:09 GMT

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മഴയുടെ തോത് അല്‍പം കുറഞ്ഞതിനെത്തുടര്‍ന്ന് ക്യാംപുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവര്‍ സ്വന്തം താമസസ്ഥലത്തേക്ക് മടങ്ങുന്നു. ശക്തമായ മഴയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് പലരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയത്. ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിത്താമസിച്ച 2,377 കുടുംബങ്ങളില്‍ 700ഓളം കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആറ് കുടുംബങ്ങളില്‍നിന്നായി 59 പേരാണ് താമസിക്കുന്നത്. ഇന്നലെയുണ്ടായിരുന്നവരില്‍ പകുതിയോളം പേര്‍ തിരിച്ചുപോയി. കഴിഞ്ഞ ദിവസം ബന്ധുവീടുകളിലേക്ക് മാറിയ 12,246 പേരില്‍ 3,200 ലേറെ പേര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. മഴക്കെടുതിയില്‍ ജൂണ്‍ 1 മുതല്‍ ജില്ലയില്‍ 12 മരണങ്ങളുണ്ടായി. 23 വീടുകള്‍ പൂര്‍ണമായും 1,060 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 

Tags:    

Similar News