കരിപ്പൂര്‍ വിമാനാപകട നഷ്ടപരിഹാരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഹെല്‍പ് ഡെസ്‌ക് നാളെ മുതല്‍
നഷ്ടപരിഹാരത്തിനുളള ക്ലൈം ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖകള്‍ ക്രമീകരിക്കുക, സംശയങ്ങള്‍ക്ക് മറുപടി നല്‍കുക തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാവുക.
കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനക്കമ്പനി ഹെല്‍പ് ഡെസ്‌ക് തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കോഴിക്കോട് ഓഫിസില്‍ ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫിസ് സമയങ്ങളില്‍ സേവനം ലഭ്യമാവും. നഷ്ടപരിഹാരത്തിനുളള ക്ലൈം ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖകള്‍ ക്രമീകരിക്കുക, സംശയങ്ങള്‍ക്ക് മറുപടി നല്‍കുക തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാവുക.
അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കുമായാണ് ഈ സേവനം. വിമാനക്കമ്പനി ഓക്ടോബര്‍ ആദ്യംതന്നെ പൂരിപ്പിച്ച് നല്‍കേണ്ട ക്ലൈം ഫോറം പരിക്കേറ്റ എല്ലാ യാത്രക്കാര്‍ക്കും മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്കും കൈമാറിയിട്ടുണ്ട്. ഈ ഫോം പൂരിപ്പിച്ച് വിമാനക്കമ്പനിയെ ഏല്‍പ്പിക്കുന്നതോടെയാണ് നഷ്ടപരിഹാരനടപടികള്‍ തുടങ്ങുന്നത്. ഇതിനകം ഫോം പൂരിപ്പിച്ച് തിരികെ നല്‍കാത്തവര്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെല്‍പ് ഡസ്‌കില്‍ നേരിട്ടെത്താന്‍ സാധിക്കാത്ത യാത്രക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 8590975761, 8590983213 നമ്പറുകളില്‍ ഫോണിലൂടെയോ വാട്‌സ് ആപ്പിലൂടെയോ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഇ- മെയില്‍ ഐഡി: compensa-tion@airindiaexpress.in. ഹെല്‍പ് ഡെസ്‌ക് വിലാസം: IX 1344 കോംബന്‍സേഷന്‍ ഹെല്‍പ് ഡെസ്‌ക്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഈറോത്ത് സെന്റര്‍ 5/3165, ബാങ്ക് റോഡ്, വെള്ളയില്‍, കോഴിക്കോട്, പിന്‍: 673001.