കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ഫോട്ടോയെടുക്കൽ നിര്‍ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ്

രോഗിയുടെ വിവിധ സമയത്തെ ഫോട്ടോകള്‍ എടുക്കണമെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും കിടക്കുമ്പോഴും തിരികെ പോകുമ്പോഴുമുള്ള ചിത്രങ്ങള്‍ എടുക്കണമെന്ന തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് നടക്കുന്നത്.

Update: 2019-04-17 11:28 GMT

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെഎഎസ്പി) ആനുകൂല്യം ലഭിക്കുന്നതിന് ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഇതുസംബന്ധിച്ച് ചിയാക്ക് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ബയോമെട്രിക് സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്. ഇത് ഉടന്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഫോട്ടോയെടുക്കുന്ന സംവിധാനം പൂര്‍ണമായും ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

രോഗിയുടെ വിവിധ സമയത്തെ ഫോട്ടോകള്‍ എടുക്കണമെന്ന തരത്തിലുള്ള പ്രചരണം വാസ്തവ വിരുദ്ധമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും കിടക്കുമ്പോഴും തിരികെ പോകുമ്പോഴുമുള്ള ചിത്രങ്ങള്‍ എടുക്കണമെന്ന തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് നടക്കുന്നത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പുതിയ പദ്ധതി ആയതിനാല്‍ ഒരു രോഗി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ മാത്രമാണ് ഫോട്ടോയെടുത്ത് അവരുടെ വിവരങ്ങളുള്‍പ്പെടെ സെര്‍വറില്‍ അപ് ലോഡ് ചെയ്യുന്നത്. യഥാര്‍ത്ഥ ഗുണഭോക്താവിന് തന്നെ ഇതിന്റെ പ്രയോജനം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതല്ലാതെ രോഗിയുടെ ചികിൽസാ വേളയില്‍ ഒരു ഘട്ടത്തിലും ഫോട്ടോയെടുക്കുന്നില്ല.

നേരത്തെ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം ബയോമെട്രിക് ഐഡന്റിഫിക്കേഷനിലൂടെയാണ് കാര്‍ഡ് നല്‍കിയത്. പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സോഫ്റ്റുവെയര്‍ ഇത് സ്വീകരിക്കാത്തതിനാലാണ് നേരിട്ട് ഫോട്ടോയെടുക്കുന്നത്. അതിനാല്‍ ബയോമെട്രിക് സംവിധാനം പുതിയ പദ്ധതിയിലും ഇന്‍സ്റ്റാള്‍ ചെയ്ത് ട്രയല്‍ റണ്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രവര്‍ത്തനസജ്ജമാകുന്നതോടെ പിന്നീട് ഫോട്ടോ എടുക്കേണ്ട ആവശ്യം പോലുമില്ല. ഒറ്റത്തവണത്തെ എന്‍ട്രോള്‍മെന്റിലൂടെ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കുന്നതാണ്. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും പുതിയ ഇന്‍ഷുറന്‍സിനെപ്പറ്റി ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനുള്ള പരസ്യം നല്‍കുവാനും സാധിക്കുന്നില്ല. ഇത്രയേറെ പരിമിതിയുണ്ടെങ്കിലും പാവപ്പെട്ട ആളുകള്‍ക്ക് പുതിയ ഇന്‍ഷുറന്‍സിന്റെ പരമാവധി പ്രയോജനം നല്‍കാനാണ് ചിയാക്കിന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News