കള്ളവോട്ട് ചെയ്ത സിപിഎമ്മിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മികാവകാശമില്ല: രമേശ് ചെന്നിത്തല

കള്ളവോട്ട് നടന്ന എല്ലായിടത്തും റീപോളിങ് നടത്തണം. കള്ളവോട്ടിലൂടെ ജനാധിപത്യ സംവിധാനത്തെയും നിക്ഷപക്ഷമായ തിരഞ്ഞെടുപ്പ് എന്ന സങ്കല്‍പ്പത്തെയും തകിടംമറിക്കാനാണ് സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ശ്രമിച്ചത്.

Update: 2019-04-29 14:06 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കള്ളവോട്ട് ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥീരീകരിച്ച സാഹചര്യത്തില്‍ ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം സിപിഎമ്മിനും എല്‍ഡിഎഫിനും നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് നടന്ന എല്ലായിടത്തും റീപോളിങ് നടത്തണം. കള്ളവോട്ടിലൂടെ ജനാധിപത്യ സംവിധാനത്തെയും നിക്ഷപക്ഷമായ തിരഞ്ഞെടുപ്പ് എന്ന സങ്കല്‍പ്പത്തെയും തകിടംമറിക്കാനാണ് സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ശ്രമിച്ചത്. ഇത് ആദ്യത്തെ സംഭവമല്ല. കാലാകാലങ്ങളായി കണ്ണൂര്‍, കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യാറുണ്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസും യുഡിഎഫും പറയാറുള്ള പരാതിക്ക് ഇത്തവണ വ്യക്തമായ തെളിവ് ലഭിച്ചിരിക്കുന്നു.

സിപിഎം നേടിയെന്ന് പറയുന്ന തിരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം ഇത്തരത്തില്‍ കള്ളവോട്ടിലൂടെ നേടിയതാണെന്ന് ഇതോടെ വ്യക്തമാവുകയാണ്. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കാന്‍ ഭരണത്തിലിരിക്കുന്ന കക്ഷി ശ്രമിച്ചത് അതീവഗൗരവമുള്ള കാര്യമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെ തന്നെയാണ് സിപിഎം ഇതിലൂടെ ചോദ്യംചെയ്തത്. ജനാധിപത്യസംവിധാനത്തില്‍ വിശ്വാസമില്ലാത്തവരാണ് കമ്മ്യുണിസ്റ്റുകാര്‍. ജനാധിപത്യത്തെ അട്ടിമറിച്ച പാരമ്പര്യമാണ് അവര്‍ക്കുള്ളത്. കായികശക്തികൊണ്ട് ജനഹിതത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമാണുണ്ടാക്കുക. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. ജനങ്ങളുടെ മുമ്പാകെ അദ്ദേഹം തെറ്റ് ഏറ്റുപറയണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News