കാസര്‍ഗോഡ് കൊവിഡ് ആശുപത്രി: മൂന്നാം വിദഗ്ധസംഘം ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നും
ആലപ്പുഴ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ളതാണ് 26 അംഗ സംഘം.
തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കൊവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍നിന്നുള്ള 26 അംഗ സംഘം യാത്രതിരിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള വിദഗ്ധസംഘത്തിന് ശേഷമാണ് ആലപ്പുഴയില്‍നിന്നുള്ളവരെത്തുന്നത്. എ എം ആരിഫ് എംപി സംഘത്തെ യാത്രയച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ സംഘത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ളതാണ് 26 അംഗ സംഘം. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരായ ഡോ.സിയാദ് മുഹമ്മദ്, ഡോ. ബിപിന്‍ കെ നായര്‍, ഡോ. ഹരി ശങ്കര്‍, ഡോ. ബ്രിജേഷ് സവിദന്‍, ഡോ. വീണ രാഘവന്‍, ഡോ. അര്‍ജുന്‍ സുരേഷ്, ഡോ. സ്‌കറിയ തോമസ്, ഡോ. അശോക് കുമാര്‍, ഡോ. സച്ചിന്‍ മാനുവല്‍, ഡോ. ഘാസ്നി പസില്‍, സ്റ്റാഫ് നഴ്സുമാരായ തസ്നിം, ചിത്ര, നൗഫല്‍, മഞ്ജു, സൂരജ്, മൃദുല, ഹാബിസ് മുഹമ്മദ്, പ്രീതു പി ബാബു, അഖില്‍രാജ്, ക്രിസ്റ്റഫര്‍ മോഹന്‍രാജ്, നഴ്സിങ് അസിസ്റ്റന്റുമാരായ അനില്‍കുമാര്‍, വില്‍സണ്‍, സുധീശന്‍, ഷണ്‍മുഖദാസ്, മോഹനന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
കോട്ടയം മെഡിക്കല്‍ കോളജിലെ 25 അംഗ സംഘം കാസര്‍ഗോഡ് കൊവിഡ് ആശുപത്രിയില്‍ വിദഗ്ധചകില്‍സ നല്‍കിവരികയാണ്. ഈ സംഘത്തിന് പകരമായാണ് ആലപ്പുഴയിലെ സംഘമെത്തുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ വി രാംലാല്‍ എന്നിവര്‍ യാത്രയയപ്പില്‍ പങ്കെടുത്തു.