പെട്രോള്‍ കടം നല്‍കിയില്ല; കാസര്‍കോട് പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു

ഉളിയത്തടുക്കയിലെ എ കെ സണ്‍സ് പെട്രോള്‍ പമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം.

Update: 2022-02-14 03:00 GMT

കാസര്‍കോട്: പെട്രോള്‍ കടം നല്‍കാതിരുന്നതിന് ഒരു സംഘം കാസര്‍കോട് ഉളിയത്തടുക്കയില്‍ പെട്രോള് പമ്പ് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ പോലിസ് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു.

ഉളിയത്തടുക്കയിലെ എ കെ സണ്‍സ് പെട്രോള്‍ പമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം. പമ്പിലെ ഓഫിസ് റൂമും ജ്യൂസ് സെന്ററും ഓയില്‍ റൂമും അടിച്ച് തകര്‍ത്തു. ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ട് പേര്‍ അന്‍പത് രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് പമ്പുടമ ആരോപിക്കുന്നു.

ജീവനക്കാര്‍ എതിര്‍ത്തതോടെ ഇവര്‍ പോയെങ്കിലും ഇന്നലെ വൈകീട്ട് സുഹൃത്തുക്കളുമായി സംഘടിച്ചെത്തി പമ്പുടമയുടെ അനുജനെ ആക്രമിച്ചു. പിന്നീട് ഇന്ന് പുലര്‍ച്ചെ സംഘം വീണ്ടുമെത്തിയാണ് ഓഫീസ് റൂം അടക്കമുള്ളവ അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടി. ആക്രമണത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കായുള്ള തിരച്ചിലിലാണ് പോലിസ്.

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ അടച്ചിടാന്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

Tags:    

Similar News