ഫാ.സ്റ്റാന്‍ സ്വാമിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജ സ്ഥിതി പൊതു സമൂഹത്തിനു മുന്നില്‍ ഭരണകൂടം വെളിപ്പെടുത്തണം: കെസിബിസി

ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ അറസ്റ്റും അദ്ദേഹത്തിന് ജയിലില്‍ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണനയും തുടര്‍ന്ന് ജാമ്യം ലഭിക്കാതെ അദ്ദേഹം ആശുപത്രിയില്‍ മരിക്കാന്‍ ഇടയായ സാഹചര്യവും അത്യന്തം ദുഖകരമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകല പൗരന്മാരെയും ആശങ്കപ്പെടുത്തുന്ന നടപടിയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്

Update: 2021-08-09 10:57 GMT

കൊച്ചി: ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഇതിനാവശ്യമായ നിയമനടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ അറസ്റ്റും അദ്ദേഹത്തിന് ജയിലില്‍ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണനയും തുടര്‍ന്ന് ജാമ്യം ലഭിക്കാതെ അദ്ദേഹം ആശുപത്രിയില്‍ മരിക്കാന്‍ ഇടയായ സാഹചര്യവും അത്യന്തം ദുഖകരമാണ്.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകല പൗരന്മാരെയും ആശങ്കപ്പെടുത്തുന്ന നടപടിയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ദലിതരെയും ആദിവാസികളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം എടുത്ത ധീരമായ നിലപാടുകളും ചൂഷണത്തിനെതിരെ അദ്ദേഹം നടത്തിയ സമരങ്ങളും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ ജീവിതസാക്ഷ്യവും മരണവുംവഴി ഇന്ത്യയിലെ ആദിവാസികള്‍ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളെ സമൂഹമധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കുവാന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് കഴിഞ്ഞുവെന്നും കെസിബിസി സമ്മേളനം വ്യക്തമാക്കി.

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജീവിച്ചുകൊണ്ടു മല്‍സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.തീരദേശം സമൂഹം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തീരശോഷണംമൂലം കിടപ്പാടവും ജീവനോപാധികളുമാണ് ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്. തീരശോഷണം ഇല്ലാതാക്കാനാവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വിദഗ്ദ്ധപഠനത്തിന്റെ വെളിച്ചത്തില്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം.

കടല്‍ക്ഷോഭം അതിരൂക്ഷമായ ചെല്ലാനംപോലുള്ള സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ അടിയന്തരമായി നിര്‍മ്മിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണം. കൊച്ചിന്‍ തുറമുഖത്ത് ആഴം കൂട്ടുമ്പോള്‍ ലഭിക്കുന്ന മണ്ണ് തീരശോഷണം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിക്ഷേപിച്ചുകൊണ്ട് തീരങ്ങളുടെ നിലനില്‍പ് ഉറപ്പുവരുത്താവുന്നതാണ്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന തീരവാസികളുടെ ന്യായമായ ആവശ്യങ്ങളെ കൂടുതല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വെസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍,സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ വ്യക്തമാക്കി.

ഭാരതത്തിന്റെ ഭരണഘടന ഉറപ്പുതരുന്ന ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് മതേതരരാജ്യമായ ഇന്ത്യയുടെ യശസ്സിനു കളങ്കം വരുത്തുന്നതാണ്. ഡല്‍ഹിയില്‍ കത്തോലിക്കാപള്ളി പൊളിച്ചുമാറ്റിയ നടപടി അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനാധിപത്യ മതേതര സര്‍ക്കാരുകള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഉചിതവും നീതിയുക്തവുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെസിബിസി വ്യക്തമാക്കി.

കലാ മാധ്യമ രംഗങ്ങളില്‍ ക്രൈസ്തവ വിരുദ്ധ വികാരം സമീപകാലത്ത് വര്‍ധിച്ചുവരികയാണ്. കലാരംഗത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ത്തന്നെ അത് മതവികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തില്‍ ഉപയോഗിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും കൂദാശകളെയും പൗരോഹിത്യത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത കലാരംഗത്ത് വിശേഷിച്ചും ചലച്ചിത്ര മേഖലയില്‍ വര്‍ധിച്ചുവരുന്നുണ്ട്.

ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂര്‍വ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്കകള്‍ തിരിച്ചറിഞ്ഞ് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെയും ക്രിസ്തീയ ചൈതന്യത്തിനു ചേര്‍ന്ന മാന്യതയോടെയുമായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കെ സിബിസി സമ്മേളനം ചൂണ്ടിക്കാട്ടി.

കൊവിഡുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ ലോക്ഡൗണിന്റെ നിബന്ധനകള്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ അവരുടെ ഉപജീവനമാര്‍ഗങ്ങളെ തടസ്സപ്പെടുത്തുന്നതാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ച് ദേവാലയങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍പേര്‍ക്ക് ആരാധന നടത്താന്‍ സാധിക്കുന്നവിധം അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ താല്‍പര്യമെടുക്കണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.

Tags:    

Similar News