കെ റെയില്‍:സര്‍ക്കാരിന് അധികാരത്തിന്റെ അഹന്തയെന്ന് കെസിബിസി മീഡിയ കമ്മീഷന്‍

കെ റെയിലിനു വേണ്ടി ഒരൊറ്റ ചവിട്ടു കൊണ്ട് കേരളം മുഴുവന്‍ ഭൂമി അളന്നു എടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാന്‍ തെരുവില്‍ പൗരന്മാരെ നേരിടുകയാണ്. ഇതിനെ അഹങ്കാരം എന്നെല്ലാതെ എന്ത് വിളിക്കുമെന്നും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല്‍

Update: 2022-04-21 12:08 GMT

കൊച്ചി:കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി മീഡിയ കമ്മീഷന്‍.കെ റെയിലിനു വേണ്ടി ഒരൊറ്റ ചവിട്ടു കൊണ്ട് കേരളം മുഴുവന്‍ ഭൂമി അളന്നു എടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍രെന്നും തിരുവനന്തപുരം കണിയാപുരം കരിച്ചാറയില്‍ ഇന്ന് സംഭവിച്ചത് അധികാരത്തിന്റെ അഹന്തയാണെന്നും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാന്‍ തെരുവില്‍ പൗരന്മാരെ നേരിടുകയാണ്. ഇതിനെ അഹങ്കാരം എന്നെല്ലാതെ എന്ത് വിളിക്കുമെന്നും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ചോദിച്ചു.മൂന്നാകിട ഏകാധിപത്യമാണ് സ്വന്തം പൗരന്മാരുടെ ആശങ്കകളോട് ഇത്രയധികം ധാര്‍ഷ്ട്യം കാണിക്കുന്നത്.പൗരന്മാര്‍ തെരുവില് ഇറങ്ങിയത് എന്തിനാണ് ? അവരുടെ വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലവും ,കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് അവരെ തെരുവില്‍ ഇറക്കിവിടുന്നതിനാലാണ്.തെരുവില്‍ അവരെ പോലിസ് നെഞ്ചില്‍ ചവിട്ടുന്നു.രാഷ്ട്രീയ മത വര്‍ഗീയ കൊലപാതകികള്‍ക്ക് പോലിസും ജയിലും വിഐപി പരിഗണന നല്‍കുന്നവരാണ് സാധാരണക്കാരനെ തെരുവില്‍ തള്ളിയിടുന്നതും ചവിട്ടുന്നതും.

ആ ചവിട്ട് ഇവിടുത്തെ നിസഹായകരായ ഓരോ മനുഷ്യനോടുമുള്ളതാണെന്നും ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല്‍ പറഞ്ഞു.മൂന്നാകിട പരിഗണന പൗരന്മാര്‍ക്ക് നല്‍കുന്ന നാട് മൂന്നാംകിട ഭരണാധികാരിയുടെതാണ്.അത് ജനത്തിന്റെ അപരാധമല്ല.സര്‍ക്കാര്‍ സംവിധാനം ശക്തമാണ്. അധികാരം, നികുതി ,പണം എല്ലാമുണ്ട് അവര്‍ക്ക്. നിങ്ങള്‍ക്ക് വേഗത്തില്‍ ഓടാന്‍ വെളിച്ചവും ശബ്ദമിട്ട് റോഡിലിറങ്ങിയാല്‍ എല്ലാവരും മാറി തരും. സംഘടതിരായി വോട്ട് നിഷേധിക്കാനും തെരുവില്‍ വെട്ടാനും അറിയുന്നവരോട് സൗമ്യമായി പോലിസും ഭരണാധികാരികളും ഇടപ്പെടുന്നതും കാണുന്നുണ്ട്.ഇത് സംസ്‌കാരമുള്ള ഒരു ജനതയ്ക്കും ഒരു കാലത്തിനും ചേര്‍ന്ന നടപടിയല്ല.കിടപ്പാടവും സ്വപ്‌നവും നഷ്ടമായി തെരുവില്‍ നിലവിളിക്കുന്നവന്റെ നെഞ്ചില്‍ ബ്യൂട്ടിട്ടു ചവിട്ടുന്നത് ഫാസിസമാണ് , ഏകാധിപത്യമാണ്.അത് ഡല്‍ഹിയിലായാലും കേരളത്തിലായാലും തെറ്റാണെന്നും ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല്‍ പറഞ്ഞു.

ഒരു നാട് മികച്ചതാകുന്നത് അവിടുത്തെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും മികച്ച സേവനം ലഭിക്കുമ്പോഴാണ്.അതിലാണ് വേഗത ആദ്യം കാണിക്കേണ്ടത്.അപക്വമായ ഒരു വികസന ആശയത്തിന്റെ മറവില്‍ എത്രയോ മനുഷ്യരുടെ എത്രയോ കാലത്തെ ്അധ്വാനത്തെയാണ് തെരുവിലെറിയുന്നത്.കുടിയൊഴിക്കപ്പെട്ട മൂലമ്പള്ളിക്കാരും മറ്റുള്ളവരും നിലവിളിയോടെ ഇന്നും കാത്തുനില്‍ക്കുന്നു.ചവിട്ട് ഏല്‍ക്കുന്നവന്റെ നികുതിപ്പണത്തില്‍ നിന്നും ശബളം വാങ്ങി ചവിട്ടുന്നവര്‍ ഏതു ലോകത്തേക്കാണ് നാടിനെ നയിക്കുന്നത്.

ഇത് തെറ്റാണ് ,അനീതിയാണ്.ഏകാധിപതികളെ നമുക്ക് വേണ്ട.മൂന്നാം ലോകപൗര സങ്കല്‍പ്പം അല്ല നമുക്ക് വേണ്ടത്.ആശങ്കകള്‍ക്ക് പരിഹരമുണ്ടാക്കി മാതൃക കാണിക്കു .എന്നിട്ട് പോരെ പോലിസിനെ വെച്ചുള്ള ഈ ജനാധിപത്യവേട്ടയെന്നും ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല്‍ പറഞ്ഞു. ലാത്തിയും തോക്കും ബ്യൂട്ട്‌സും കൊണ്ട് വികസനത്തിനന്റെ ചൂളം വിളി കേരളത്തിന്റെ നെഞ്ചിലൂടെ ഓടിക്കാമെന്നത് അങ്ങേയറ്റത്തെ ഏകാധിപത്യ ബോധമാണ്. ഭരണകൂടവും പോലിസും മനുഷ്യനോട്, പൗരനോട് മാന്യമായി പെരുമാറണമെന്നും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

Tags:    

Similar News