അരങ്ങുണര്‍ന്നു; കലാഅവതരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കെസിബിസി
രംഗകലാകാരന്മാര്‍ക്ക് കൈത്താങ്ങാകുയെന്ന ലക്ഷ്യത്തോടെ കെസിബിസി മാധ്യമ കമ്മീഷന്റെ നേതൃത്വത്തിലാണ് കൊച്ചിയില്‍ മാസങ്ങള്‍ക്കും ശേഷം വീണ്ടും നാടക അരങ്ങ് ഉണര്‍ന്നത്.'ആള്‍ട്ടര്‍' (ആര്‍ട്ട് ലവേഴ്സ് ആന്റ് തീയ്യറ്റര്‍ എന്‍തൂസിയാസ്റ്റ്സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം പി ഒ സിയില്‍ പ്രതിമാസ രംഗകലാവതരണങ്ങള്‍ നടത്തുന്നതാണ് പ്രഥമ പരിപാടി. ഇതിന്റെ ഭാഗമായി ഇന്നലെ ആദ്യമായി കൊച്ചിന്‍ ചന്ദ്രകാന്തയുടെ അന്നം എന്ന നാടകമാണ് അരങ്ങേറിയത്
കൊച്ചി: കൊവിഡിനെത്തുടര്‍ന്ന് മാസങ്ങളായി ഇരുട്ടിലായിരുന്ന അരങ്ങില്‍ വീണ്ടും വെള്ളിവെളിച്ചം പരന്നു.കൊവിഡ് വ്യാപനത്തോടെ കടുത്ത പ്രതിസന്ധിയിലായ കലാകാരന്മാരുടെ പ്രത്യേകിച്ച് രംഗകലാകാരന്മാര്‍ക്ക് കൈത്താങ്ങാകുയെന്ന ലക്ഷ്യത്തോടെ കെസിബിസി മാധ്യമ കമ്മീഷന്റെ നേതൃത്വത്തിലാണ് കൊച്ചിയില്‍ മാസങ്ങള്‍ക്കും ശേഷം വീണ്ടും നാടക അരങ്ങ് ഉണര്‍ന്നത്.സര്‍ക്കാരിന്റെ കൊവിഡ്കാല നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 'ആള്‍ട്ടര്‍' (ആര്‍ട്ട് ലവേഴ്സ് ആന്റ് തീയ്യറ്റര്‍ എന്‍തൂസിയാസ്റ്റ്സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം പി ഒ സിയില്‍ പ്രതിമാസ രംഗകലാവതരണങ്ങള്‍ നടത്തുന്നതാണ് പ്രഥമ പരിപാടി. ഇതിന്റെ ഭാഗമായി ഇന്നലെ ആദ്യമായി കൊച്ചിന്‍ ചന്ദ്രകാന്തയുടെ അന്നം എന്ന നാടകമാണ് അരങ്ങേറിയത്.
മാസങ്ങള്‍ക്കുശേഷം നടന്ന നാടക അവതരണം കാണാന്‍ നിരവധി കലാസ്വാദകര്‍ എറണാകുളം പി ഒ സിയില്‍ എത്തി.കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹമനസ്സുകളില്‍ ആഹ്ലാദം നിറയ്ക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്കു കഴിയുമെന്നും, ഇത്തരം സാന്ത്വനപദ്ധതികളെ അകമഴിഞ്ഞ് സഹായിക്കുമെന്നും പ്രതിമാസ കലാഅവതരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കെപിഎസി ബിയാട്രീസ് മുഖ്യാതിഥിയായിരുന്നു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ്ബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.
മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ. ഷാജി സ്റ്റീഫന്‍ സംസാരിച്ചു.കൊവിഡ് വ്യാപനത്തോടെ ദാരുണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കലാകാരന്മാരുടെ പ്രത്യേകിച്ച് രംഗകലാകലാരന്മാരുടെ അവസ്ഥകളെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലുമാണ് മാധ്യമ കമ്മീഷന്‍ ഏതാനും നവീന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് പി ഒ സി ഡയറക്ടര്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍ എന്നിവര്‍ പറഞ്ഞു.