കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരിതയ്ക്ക് കെട്ടിവെയ്ക്കാനുള്ള തുക നല്‍കുമെന്ന് നടന് സലിംകുമാര്‍; പ്രചരണത്തിനും എത്തും
തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു.താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അരിത ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കൊച്ചി: കായംകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കെട്ടിവെയ്ക്കാനുള്ള പണം നല്‍കുമെന്ന് നടന് സലിംകുമാര്‍.ഹൈബി ഈഡന് എംപിയാണ് വിവരം തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്.മണ്ഡലത്തില്‍ അരിതയ്ക്കായി വോട്ടു ചോദിച്ച് പ്രചരണത്തിനെത്തുമെന്ന് സലിംകുമാര്‍ അറിയിച്ചതായും ഹൈബി ഈഡന് എംപി ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
നടന് സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായം കുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു വിനെ പറ്റി ചോദിച്ചു.പശുവിനെ വളര്‍ത്തി പാല് വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണെന്നും അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നതെന്നും സലിംകുമാര്‍ പറഞ്ഞതായി ഹൈബി ഈഡന് എംപി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരുന്നതായും ഹൈബി ഈഡന് എംപി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ അരിത ബാബു.ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികൂടിയാണ് അരിത ബാബു.സിപിഎമ്മിലെ പ്രതിഭയാണ് നിലവിലെ കായംകുളം എംഎല്‍എ.താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അരിത ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കായംകുളത്തിന്റെ സമഗ്രമായ വികസനമാണ് ലക്ഷ്യം. പൊതുപ്രവര്‍ത്തനത്തെ ജീവിത മാര്‍ഗ്ഗമാക്കി മാറ്റാതെ നാട്ടുകാരില്‍ ഒരാളായി പൊതുപ്രവര്‍ത്തനമായി മുന്നോട്ടു പോകാനാണ് ആഗ്രഹം.കായംകുളത്ത്കാരികൂടിയാണ് താന്‍. നാട്ടുകാരും അതേ രീതിയില്‍ തന്നെയാണ് തന്നോട് പെരുമാറുന്നതെന്നും അരിത ബാബു പറഞ്ഞു.