തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ സ്ഥാനാര്‍ഥിത്വം:പ്രതിഷേധവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി വിജയസാധ്യതയുള്ളവരെ ഒഴിവാക്കിയാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി എ ബി സാബു,കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ കെ ആര്‍ പ്രേംകുമാര്‍, കെ ജി ഇന്ദു കലാധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Update: 2021-03-14 13:17 GMT

കൊച്ചി: തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് കെ ബാബുവിന സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി വിജയസാധ്യതയുള്ളവരെ ഒഴിവാക്കിയാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി എ ബി സാബു,കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ കെ ആര്‍ പ്രേംകുമാര്‍, കെ ജി ഇന്ദു കലാധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹൈക്കമാന്റില്‍ സമ്മര്‍ദ്ദതന്ത്രം ഉപയോഗിച്ചാണ് ഗ്രൂപ്പ് നേതാക്കള്‍ അഴിമതി ആരോപണവിധേയനായ വ്യക്തിക്ക് സീറ്റ് തരപ്പെടുത്തിയതെന്ന് ഇവര്‍ ആരോപിച്ചു. 2016 ലും കെപിസിസിയും ഹൈക്കമാന്റും ബാബുവിന് സീറ്റ് നിഷേധിച്ചപ്പോള്‍ ഇത്തരത്തിലുള്ള സമ്മര്‍ദ്ദതന്ത്രത്തിലൂടെ സീറ്റ് തരപ്പെടുത്തുകയും അന്ന് മല്‍സരിച്ച് പരാജയപ്പെടുകയും ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഹാസ്യമായ നാടകവും കാലതാമസവും ജനാധിപത്യവിശ്വാസികളില്‍ യുഡിഎഫിനെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുകയും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയെ നശിപ്പിക്കുകയും ചെയ്തായും എ ബി സാബു പറഞ്ഞു.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതു മൂലം പ്രവര്‍ത്തകരില്‍ ചേരിതിരിവ് ഉണ്ടാക്കുകയും വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുകയം ചെയ്തു. ഇതുമൂലം തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിയുന്നതെന്നും ഇവര്‍ വ്യക്തമാക്കി.തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കുന്നതിന് വിജയസാധ്യതയുള്ള പുതുമുഖ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഹൈക്കമാന്റ് തയ്യാറാകണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. തിരുത്തലിന് ഇനിയും തയ്യാറാവാതെ സമ്മര്‍ദ്ദതന്ത്രത്തിനു വഴങ്ങി കെ ബാബുവുമായി മുന്നോട്ടുപോയാല്‍ 2016 ലെ ഫലം ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

Tags:    

Similar News