ബുത്തുകളില്‍ കൂട്ടം കൂടലും സൗഹൃദ സംഭാഷണവും വേണ്ട; വോട്ടുകഴിഞ്ഞാല്‍ വീട്ടില്‍ പോകണമെന്ന് നിര്‍ദ്ദേശം
വീട്ടിലെത്തിയാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകി കുളിച്ച് വൃത്തിയായതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ. കൊവിഡ് മാനദണ്ഡങ്ങള്‍ വോട്ടെടുപ്പില്‍ കൃത്യമായി പാലിക്കുന്നതിനാണ് ജില്ലാ ഭരണകൂടം ബൂത്തുകളില്‍ സ്വീകരിക്കേണ്ട കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്
കൊച്ചി: ബൂത്തുകളില്‍ സൗഹൃദ സംഭാഷണങ്ങളും പരിചയം പുതുക്കലും വേണ്ടെന്ന് എറണാകുളം ജില്ലാ ഭരണ കൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശം. വോട്ട് ചെയ്തതിനു ശേഷം കൂട്ടം കൂടി നില്‍ക്കാതെ നേരെ വീട്ടിലേക്കു പോകണം. വീട്ടിലെത്തിയാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകി കുളിച്ച് വൃത്തിയായതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ. കൊവിഡ് മാനദണ്ഡങ്ങള്‍ വോട്ടെടുപ്പില്‍ കൃത്യമായി പാലിക്കുന്നതിനാണ് ജില്ലാ ഭരണകൂടം ബൂത്തുകളില്‍ സ്വീകരിക്കേണ്ട കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
അടിസ്ഥാനമായി പാലിക്കേണ്ട കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും പതിക്കാനും തീരുമാനിച്ചു. പോസ്റ്ററിന്റെ പ്രകാശനം ദുരന്തനിവാരണം ഡപ്യൂട്ടി കലക്ടര്‍ എസ് ഷാജഹാന്‍ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കാണത്തക്ക വിധമായിരിക്കും പോസ്റ്ററുകള്‍ ബൂത്തുകളില്‍ സ്ഥാപിക്കുക. വോട്ട് രേഖപ്പെടുത്താന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കുന്നതിനായി സാനിറ്റൈസര്‍ നല്‍കും.സാമൂഹ്യ അകലം പാലിക്കുന്നതിനായി ബൂത്തുകളില്‍ ഒരു മീറ്റര്‍ അകലത്തില്‍ പ്രത്യേകം അടയാളങ്ങളും നല്‍കും.
കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വായും മൂക്കും മറയുന്ന രീതിയില്‍ മാസ്‌ക് ധരിക്കുക. സംസാരിക്കുമ്പോള്‍ മാസ്‌ക് മാറ്റരുത്.തിരിച്ചറിയില്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റണം.സാമൂഹിക അകലം പാലിച്ച് വേണം വോട്ട് രേഖപ്പെടുത്താന്‍ നില്‍ക്കേണ്ടത്.ബൂത്തിനകത്ത് പ്രവേശിക്കുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും കൈകള്‍ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കുക.കുട്ടികളെ കൂടെ കൊണ്ടു പോകരുത് മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഹസ്തദാനം നല്‍കുന്നതും ഒഴിവാക്കുക.കൂട്ടം കൂടി നില്‍ക്കരുത് എപ്പോഴും ശാരീരിക അകലം പാലിക്കുക. പൊതു സ്ഥലങ്ങളില്‍ തുപ്പരുത്.വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ വീട്ടിലേക്ക് തിരികെ പോകുക. ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങളും സന്ദര്‍ശനങ്ങളും ഒഴിവാക്കുക.വീട്ടിലെത്തിയ വസ്ത്രങ്ങള്‍ കഴുകി കുളിച്ചു വൃത്തിയായി അതിനു ശേഷം മാത്രം വീട്ടുകാരുമായി ഇടപഴകുക എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.