ഇരട്ട വോട്ട്: മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി ഹൈക്കോടതി;ഇരട്ട വോട്ടുള്ളവര്‍ ഒറ്റ വോട്ടുമാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം,സത്യാവാങ്മൂലം വാങ്ങണം

ഇരട്ട വോട്ടുള്ളവര്‍ വോട്ടു ചെയ്യാന്‍ എത്തുന്ന സമയത്ത് ഇവരുടെ ഫോട്ടോ എടുക്കണം.വോട്ടു രേഖപ്പെടുത്തി ഇവര്‍ മടങ്ങുന്ന സമയത്ത് കൈയ്യിലെ മഷി ഉണങ്ങിയിട്ടുണ്ടെന്നും മഷി മായ്ക്കാന്‍ സാധിക്കില്ലെന്നും ് ഉറപ്പുവരുത്തകയും ചെയ്യണം

Update: 2021-03-31 10:25 GMT

കൊച്ചി: സംസ്ഥാനത്തെ ഇരട്ട വോട്ടു വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി.ഇരട്ടവോട്ടുള്ളവര്‍ ഒറ്റ വോട്ടു മാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് നാലു ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ ഉണ്ടെന്നും ഇവ റദ്ദാക്കണമെന്നും ഇരട്ടവോട്ടുകള്‍ ചേര്‍ക്കാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

ഇരട്ടവോട്ടുള്ളവര്‍ വോട്ടു ചെയ്യാന്‍ എത്തുന്ന ഘട്ടത്തില്‍ സത്യവാങ്മൂലം നല്‍കണം.ഒപ്പം ഇവരുടെ ഫോട്ടോയും എടുത്ത് സൂക്ഷിക്കണം.വോട്ടു രേഖപ്പെടുത്തി ഇവര്‍ മടങ്ങുന്ന സമയത്ത് കൈയ്യിലെ മഷി ഉണങ്ങിയിട്ടുണ്ടെന്നും മഷി മായ്ക്കാന്‍ സാധിക്കില്ലെന്നും  ഉറപ്പുവരുത്തകയും ചെയ്യണം.വോട്ടെടുപ്പ് സുഗമമാക്കാന്‍ കൂടുതല്‍ കേന്ദ്രസേനയെ ആവശ്യമെങ്കില്‍ നിയോഗമിക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അതേ സമയം ഇരട്ട വോട്ടുള്ളവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍ ഇവരെ വോട്ടു ചെയ്യുന്നതില്‍ നിന്നും തടയാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ടു മാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറുപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇരട്ടവോട്ടുള്ളവരുടെ വിരലടയാളവും, ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ  ഇരട്ട വോട്ടുകളുടെ പട്ടികയില്‍ 38,586 എണ്ണം മാത്രമാണ് പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയതെന്നും കമ്മീഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇരട്ട വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ ബിഎല്‍ഒമാര്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറുമെന്നും തെരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും തരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.കൂടാതെ ഇരട്ടവോട്ട് പ്രതിരോധിക്കാന്‍ നാലു നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവും കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.

Tags:    

Similar News