ഇരട്ട വോട്ടുകള്‍ 38,586 എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; രമേശ് ചെന്നിത്തലയുടെ ഹരജിയില്‍ ഹൈക്കോടതി നാളെ
ഇരട്ടവോട്ട് പ്രതിരോധിക്കാന്‍ നാലു നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.ഇരട്ടവോട്ട് കണ്ടെത്താന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടെന്നും ഇലക്ട്രല്‍ റോളില്‍ ഇനി മാറ്റം വരുത്താനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇരട്ടവോട്ടുള്ളവരുടെ വിരലടയാളവും, ഫോട്ടോയും എടുത്ത് സൂക്ഷിക്കും
കൊച്ചി : ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. 38,586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും എന്നാല്‍ വോട്ടര്‍പട്ടികയില്‍ ഇനിയൊരു മാറ്റം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇരട്ടവോട്ട് പ്രതിരോധിക്കാന്‍ നാലു നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നിലധികം വോട്ടുള്ളവര്‍ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎല്‍ഒമാര്‍ മുന്‍കൂര്‍ രേഖാമൂലം എഴുതി വാങ്ങണം. ഇതിന്റെ രേഖകള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറണം, ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നുമാണ് സത്യവാങ്മൂലം നല്‍കണം. വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വറില്‍ ശേഖരിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശമാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ അറിയിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരട്ടവോട്ട് കണ്ടെത്താന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടെന്നും ഇലക്ട്രല്‍ റോളില്‍ ഇനി മാറ്റം വരുത്താനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇരട്ടവോട്ടുള്ളവരുടെ വിരലടയാളവും, ഫോട്ടോയും എടുത്ത് സൂക്ഷിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ 316671 ഇരട്ട വോട്ടുകളുടെ പട്ടികയില്‍ 38586 എണ്ണം മാത്രമാണ് പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയതെന്നും കമ്മീഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇരട്ട വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ ബിഎല്‍ഒമാര്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറുമെന്നും തിരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
വോട്ടര്‍പ്പട്ടികയില്‍ ഇരട്ട വ്യാജ വോട്ടുകള്‍ വരാനിടയായ സാഹചര്യമൊരുക്കിയി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യുഷന്‍ നടപടി സ്വീകരിക്കണമെന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ ടി ആസഫലി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത്തരം വ്യാജ ഇരട്ട വോട്ടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു തെളിയിക്കുന്ന വിദഗ്ധ പഠന സമിതിയുടെ റിപോര്‍ട്ടും സിഡിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളടങ്ങിയ സിഡിയും രേഖകളും ഇനിയും ഹാജരാക്കാന്‍ തയ്യാറാണെന്നു രമേശ് ചെന്നിത്തലക്കുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
രമേശ് ചെന്നിത്തലയ്ക്കു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ബുത്തു തലത്തില്‍ വരെ വിദഗ്ധ സമിതി നടത്തിയ അന്വേഷണ റിപോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 4,24,441 വ്യാജ ഇരട്ട വോട്ടുകളുണ്ടെന്നു ഹരജിക്കാരന്‍ ബോധ്യപ്പെടുത്തിയിട്ടും 1,38,000 വ്യാജ വോട്ടുകളാണ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളുവെന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു..