ആലപ്പുഴയില്‍ ഇന്ന് സമര്‍പ്പിച്ചത് എട്ട് നാമനിര്‍ദ്ദേശ പത്രികകള്‍;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പത്രിക സമര്‍പ്പിച്ചു
യുഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഹരിപ്പാട് കോണ്‍ഗ്രസ്സ് ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയാണ് രമേശ് ചെന്നിത്തല നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള മൂന്നാം ദിനം പിന്നിട്ടപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ഇന്ന് സമര്‍പ്പിച്ചത് എട്ട് നാമനിര്‍ദ്ദേശ പത്രികകള്‍. ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് പത്രിക സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.യുഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഹരിപ്പാട് കോണ്‍ഗ്രസ്സ് ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയാണ് രമേശ് ചെന്നിത്തല നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൂന്ന് പേര്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ ഹരിപ്പാട് എആര്‍ഒയുടെ ഓഫീസില്‍ പ്രവേശിച്ചത്. ഉച്ചക്ക് 12.10 ന് വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് രമേശ് ചെന്നിത്തല പത്രിക സമര്‍പ്പിച്ചു. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെക്കൂടാതെ ബിജെപി സ്ഥാനാര്‍ഥിയായി കെ സോമനും പത്രിക സമര്‍പ്പിച്ചു.
അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സിപിഐമ്മിന്റെ സ്ഥാനാര്‍ഥിയായി അബ്ദുല്‍ സലാം, സി ഷാംജി (സിപിഎം) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എം മുരളിയും ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കി. അരൂരില്‍ സിപിഎം സ്ഥാനാര്‍ഥി ദെലീമയും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രിയങ്ക അനൂപും ഭാരത് ധര്‍മ ജന സേന സ്ഥാനാര്‍ഥിയായി അനിയപ്പനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 19 ആണ്.