കളമശേരിയില്‍ ലീഗിന്റെ കുത്തക തകര്‍ത്ത് രാജീവ്
15,336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്‍ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായിരുന്ന വി കെ ഇബ്രാഹികുഞ്ഞിന്റെ മകന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ് ലിം ലീഗിലെ അബ്ദുള്‍ ഗഫൂറിനെ പരാജയപ്പെടുത്തിയത്.മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരൂപക്ഷമാണിത്
കൊച്ചി:കളമശേരി നിയോജകമണ്ഡലത്തില്‍ മുസ്‌ലിം ലീഗിന്റെ കുത്തക തകര്‍ത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ ജനകീയ മുഖമായ പി രാജീവ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.15,336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്‍ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായിരുന്ന വി കെ ഇബ്രാഹികുഞ്ഞിന്റെ മകന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ് ലിം ലീഗിലെ അബ്ദുള്‍ ഗഫൂറിനെ പരാജയപ്പെടുത്തിയത്.മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരൂപക്ഷമാണിത്.ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ പി രാജീവ് 77141 വോട്ടുകള്‍ നേടിയപ്പോള്‍ 61,805 വോട്ടുകളാണ് അബ്ദുള്‍ ഗഫൂര്‍ നേടിയത്.ബിഡിജെഎസ് ലെ പി എസ് ജയരാജ് 11,179 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തും 2385 വോട്ടുകള്‍ നേടി എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍ നാലാം സ്ഥാനത്തുമെത്തി.നോട്ട ഇവിടെ 1518 വോട്ടുകളാണ് നേടിയത്.
2011 ലും 2016 ലും മുസ് ലിം ലീഗിലെ വി കെ ഇബ്രാഹിംകുഞ്ഞായിരുന്നു ഇവിടെ തുടര്‍ച്ചയായി വിജയം നേടിയിരുന്നത്.2011 ല്‍ 7,789 വോട്ടുകളുടെയും 2016 ല്‍ 12,118 വോട്ടുകളുടെയും ഭൂരിപക്ഷത്തിലായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞു വിജയിച്ചത്.എന്നാല്‍ പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയായ വി കെ ഇ്ബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തതോടെയാണ് ഇക്കുറി ഇബ്രാംഹിം കുഞ്ഞിനെ യുഡിഎഫും മുസ് ലിം ലീഗും മല്‍സര രംഗത്ത് നിന്നും മാറ്റി നിര്‍ത്തിയത്.തനിക്ക് സീറ്റില്ലെങ്കില്‍ പകരം മകനെ സ്ഥാനാര്‍ഥിയാക്കണമെന്ന വി കെ ഇബ്രാംഹികുഞ്ഞിന്റെ കടുംപിടുത്തത്തിനൊടുവിലാണ് മകന്‍ അബ്ദുള്‍ ഗഫൂറിനെ കളമശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്.
അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതോടെ എറുകളത്ത് മുസ് ലിം ലീഗില്‍ വന്‍ കലാപമാണ് ഉയര്‍ന്നത്.മുസ് ലിം ലീഗിന്റെ ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തു വരികയും സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്തു.ടി എ അഹമ്മദ് കബീറിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.ഒടുവില്‍ ലീഗിന്റെ സംസ്ഥാന നേതൃത്വം പ്രതിഷേധക്കാരെ പാണക്കാട്ട് വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും തിരഞ്ഞെടുപ്പിന് ശേഷം പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ വിഷയം പരിഹരിക്കാമെന്ന് ഉറുപ്പു നല്‍കുകയും ചെയ്തതോടെയാണ് ഇവര്‍ പരസ്യ പ്രതിഷേധം അവസാനിപ്പിച്ചത്.
വി കെ ഇബ്രാഹിംകുഞ്ഞ് തന്നെയായിരുന്നു അബ്ദുള്‍ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്.പാലാരിവട്ടം പാലം അഴിമതിയും കേസും ലീഗിലെ ഭിന്നതയും അബ്ദുള്‍ ഗഫൂറിന്റെ വിജയത്തെ ബാധിക്കില്ലെന്നായിരുന്നു പ്രചാരണ വേളയില്‍ ഇബ്രാഹിംകുഞ്ഞ് പറഞ്ഞിരുന്നതെങ്കിലും മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക സിപിഎമ്മിന്റെ ജനകീയ മുഖമായ പി രാജീവ് വിജയത്തിലേക്ക് നടന്നുകയറുകയായിരുന്നു.