നിയമസഭാ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം കര്‍ശനമാക്കി ശുചിത്വ മിഷന്‍

പോളിങ് ദിവസം ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് മുഴുവന്‍ പഞ്ചായത്തുകളിലും ഹരിത ബൂത്ത് തയ്യാറാക്കും. ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും മാലിന്യം തരം തിരിക്കുന്നതിനും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ചു കയറ്റി അയക്കുന്നതിനും ഹരിത കര്‍മ്മ സേനകളെ വിന്യസിച്ചിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൈമാറ്റം ചെയ്യുന്ന വാഹനങ്ങള്‍ ജിപിഎസ് സംവിധാനം വഴി ട്രാക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി

Update: 2021-04-03 07:43 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തുകയും പോളിങ് ബൂത്തുകള്‍ സജ്ജമാവുകയും ചെയ്തതോടെ ഹരിത പെരുമാറ്റ ചട്ടം കൂടുതല്‍ കര്‍ശനമാക്കാന്‍ ശുചിത്വ മിഷന്‍. ഹരിത തിരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികളും അവസാന ഘട്ടത്തിലാണ്. കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഹരിത സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടുള്ള സൈക്കിള്‍ റാലി സംഘടിപ്പിച്ചു. പോളിങ് ദിവസം ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് മുഴുവന്‍ പഞ്ചായത്തുകളിലും ഹരിത ബൂത്ത് തയ്യാറാക്കും.

ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും മാലിന്യം തരം തിരിക്കുന്നതിനും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ചു കയറ്റി അയക്കുന്നതിനും ഹരിത കര്‍മ്മ സേനകളെ വിന്യസിച്ചിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൈമാറ്റം ചെയ്യുന്ന വാഹനങ്ങള്‍ ജിപിഎസ് സംവിധാനം വഴി ട്രാക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലും നിയോജക മണ്ഡലങ്ങളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. തിരഞ്ഞെടുപ്പ് ദിവസം മാലിന്യ സംസ്‌കരണം മോണിറ്റര്‍ ചെയ്യുന്നതിന് ജില്ലാ നോഡല്‍ ഓഫീസര്‍ പി എച്ച് ഷൈന്റെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

ജില്ലയിലെ ബൂത്തുകളില്‍ ഹരിത ചട്ട പാലനവും മാലിന്യ സംസ്‌കരണവും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും ആര്‍ പി മാരടങ്ങുന്ന സംഘം പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനായി എറണാകുളം ജില്ലയില്‍ സ്വീപ്പും ശുചിത്വ മിഷനും ഒരുക്കിയ പ്രവര്‍ത്തനങ്ങളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ അഭിനന്ദിച്ചു. ശാലിനി ശര്‍മ്മ, അമിത് ആനന്ദ്, യോഗീന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീപ്പിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണുകള്‍, പരസ്യ ബോര്‍ഡുകള്‍, സിഗ്‌നേച്ചര്‍ വാള്‍, ചുവര്‍ ചിത്രങ്ങള്‍ എന്നിവ ഇവര്‍ നേരിട്ടു കണ്ടു. മാലിന്യ രഹിതമായി തിരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പ്രതിനിധികള്‍ക്കും വിതരണം ചെയ്ത ഹരിത തിരഞ്ഞെടുപ്പ് കൈപുസ്തകവും തുണിസഞ്ചിയും ഇവര്‍ ഏറ്റുവാങ്ങി. ജില്ലയിലെ അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ആയി വരച്ചു അയച്ച ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവ കലക്ടറേറ്റ് ചുവരില്‍ വരച്ചു ചേര്‍ക്കുന്നതിലും പങ്കാളികളായി.

Tags:    

Similar News