ബിജെപിക്ക് തിരിച്ചടി;സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തില്‍ വരണാധികാരിയുടെ നടപടിയില്‍ കോടതി ഇടപെടരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് തലശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസ്, ഗുരുവായൂരിലെ ബി ജെ പി സ്ഥാനാര്‍ഥി നിവേദിത, ദേവികുളത്തെ സ്ഥാനാര്‍ഥി ആര്‍ എം ധനലക്ഷ്മി എന്നിവര്‍ നല്‍കിയ ഹരജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്
കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക തളളിയതിനെതിരെ തലശേരി,ഗുരുവായൂര്‍,ദേവികുളം മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാനാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി.തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തില്‍ വരണാധികാരിയുടെ നടപടിയില്‍ കോടതി ഇടപെടരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് തലശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസ്, ഗുരുവായൂരിലെ ബി ജെ പി സ്ഥാനാര്‍ഥി നിവേദിത, ദേവികുളത്തെ സ്ഥാനാര്‍ഥി ആര്‍ എം ധനലക്ഷ്മി എന്നിവര്‍ നല്‍കിയ ഹരജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ഇന്നലെയാണ് എന്‍ ഹരിദാസും നിവേദിതയും ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ഇരുവരുടെയും അഭ്യര്‍ഥന പരിഗണിച്ച കോടതി ഇന്നലെ അവധി ദിനമായിരിന്നിട്ടുകൂടി പ്രത്യേക സിറ്റിഗ് നടത്തി ഹരജി പരിഗണിക്കുകയായിരുന്നു.ദേവികുളത്തെ സ്ഥാനാര്‍ഥി ധനലക്ഷ്മി ഇന്നാണ് ഹരജി നല്‍കിയത്.റിട്ടേണിംഗ് ഓഫിസര്‍ നിയമവിരുദ്ധമായിട്ടാണ് നാമനിര്‍ദ്ദേശ പത്രിക തള്ളിയതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.ഒപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവ് പരിഹരിക്കാന്‍ സ്ഥാനാര്‍ഥി അനുവാദം ചോദിച്ചെങ്കിലും റിട്ടേണിംഗ് ഓഫിസര്‍ അനുവദിക്കാതെ തിടുക്കത്തില്‍ പത്രിക തള്ളുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിയില്‍ കോടതി ഇടപെടരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഈഘട്ടത്തില്‍ കോടതി ഇടപെട്ടാല്‍ അത് സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.
ഇരു വിഭാഗത്തിന്റെയും പ്രാഥമിക വാദം കേട്ട കോടതി ഹരജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കാമെന്ന് നിര്‍ദേശിച്ചു. ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതു പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ വിശദമായ സത്യവാങ്മുലം സമര്‍പ്പിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തില്‍ വരണാധികാരിയുടെ നടപടിയില്‍ ഹൈക്കോടതി ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.തുടര്‍ന്ന് ഈ സത്യാവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലും ഇരുവിഭാഗങ്ങളുടെയു വാദം കേട്ട ശേഷമാണ് ഹരജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.