ഭരണത്തുടര്‍ച്ച പിന്നോക്ക ന്യൂനപക്ഷ തകര്‍ച്ചയ്ക്ക് കാരണമാകും: മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍

കോണ്‍ഗ്രസ് മുക്ത ഭാരതവും മുസ്‌ലിം മുക്ത ഇന്ത്യയും യുഡിഎഫ് മുക്ത കേരളവും ആഗ്രഹിക്കുന്നവരുടെ ഒത്തുകളിയും അടവുനയവും വോട്ടുതട്ടല്‍ തന്ത്രങ്ങളും കേരള ജനതയുടെ നിലനില്‍പ്പിനും ക്ഷേമത്തിനും എതിരാണ്

Update: 2021-03-29 09:39 GMT

കൊച്ചി: കേരളപ്പിറവിക്കുശേഷം ആറര പതിറ്റാണ്ടുകാലവും സംസ്ഥാനം അനുഭവിച്ചറിയാത്ത തരത്തിലുള്ള വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനമാണ് ഇടതുസര്‍ക്കാരും വര്‍ഗീയ ഫാഷിസ്റ്റ് കക്ഷികളുംകൂടി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക). തുടര്‍ഭരണമെന്ന മോഹം പിണറായി വിജയന്‍ ഒഴികെയുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേയും ഇടതുമതേതര ചേരികളുടേയും സംസ്ഥാനത്തിന്റെയും സര്‍വ്വനാശത്തിന്റെയും പതനത്തിനും കാരണമാകും വിധമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമീപകാല നിലപാടുകള്‍ വെളിവാക്കുന്നത്.

കോണ്‍ഗ്രസ് മുക്ത ഭാരതവും മുസ്‌ലിം മുക്ത ഇന്ത്യയും യുഡിഎഫ് മുക്ത കേരളവും ആഗ്രഹിക്കുന്നവരുടെ ഒത്തുകളിയും അടവുനയവും വോട്ടുതട്ടല്‍ തന്ത്രങ്ങളും കേരള ജനതയുടെ നിലനില്‍പ്പിനും ക്ഷേമത്തിനും എതിരാണ്. മുസ്‌ലിം പിന്നോക്ക-സംവരണ സമൂഹങ്ങളുടെ സര്‍വ്വനാശത്തിന് ഇടയാക്കുന്ന തുടര്‍ഭരണം സംസ്ഥാനത്തുണ്ടാവാന്‍ പാടില്ല എന്നതാണ് നീതിബോധമുള്ളവരുടെ ചിന്താഗതി. സാമൂഹ്യനീതിയും അധികാര പങ്കാളിത്തവും ഉദ്യോഗവിഹിതവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പുവരുത്തുന്നതിനുപകരം പാര്‍ട്ടിയും മുന്നണിയും നശിച്ചാലുംവേണ്ടില്ല തന്റെ അധികാരം ഊട്ടിയുറപ്പിക്കുകയെന്ന ഏക താല്‍പര്യം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചറിയുവാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും മെക്ക യോഗം ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമൂഹ്യനീതിയും വിദ്യാഭ്യാസ-ഉദ്യോഗ തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തുവാന്‍ മുന്നണികള്‍ തയ്യാറാവണം. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും അധഃസ്ഥിത പീഡിത ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പുവരുത്തുന്ന മുന്നണിയെയും പാര്‍ട്ടികളെയും മതേതര ജനാധിപത്യകക്ഷികളെയും അധികാരത്തിലേറ്റുവാന്‍ വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും മെക്ക സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.ഇക്കാലമത്രയും തിരഞ്ഞടുപ്പാനന്തരം ഏത് മുന്നണി അധികാരത്തിലെത്തിയാലും ആര്‍ക്കും സ്വത്വനാശം സംഭവിക്കില്ലായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് അങ്ങനെയല്ല; മതനിരപേക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ ശിലാപര്‍വ്വങ്ങള്‍ സൃഷ്ടിച്ച് അധികാര തുടര്‍ച്ചക്ക് വിഷമണ്ണൊരുക്കുന്നു. മൃദു ഹിന്ദുത്വ സമീപനം കാരണം ദേശീയ തലത്തില്‍പോലും ന്യൂനപക്ഷങ്ങളിള്‍നിന്നും ബഹുദൂരം അകന്നുപോയ കോണ്‍ഗ്രസ് ആര്‍ക്കുമെടുത്തുടുക്കാമെന്ന മട്ടില്‍ അയഞ്ഞുകിടക്കുന്നു.

സംഘ്പരിവാറുമായുള്ള എല്‍ഡിഎഫിന്റെ രഹസ്യബാന്ധവം ഉള്‍പ്പെടെയുള്ള മുഴുവന്‍ അഴിമതിക്കറകളും ഭക്ഷ്യകിറ്റുകള്‍ കഴുകിക്കളയുമെന്ന് അവര്‍ അഹങ്കരിക്കുന്നു. ഇനിയൊരു അധികാര തുടര്‍ച്ച കിട്ടിയാല്‍ ''കമ്പനി ഭരണം'' കാണാനിരിക്കുന്നതേയുള്ളൂ എന്ന മട്ടില്‍ ധാര്‍ഷ്ട്യത്തിന് പുത്തന്‍ ഭാവം മെനയുന്ന മുഖ്യമന്ത്രി. കൂട്ടത്തില്‍ കുറച്ചെങ്കിലും കൊള്ളാവുന്ന പാര്‍ട്ടിയിലെ തലയെടുപ്പുള്ള മുഴുവന്‍ മന്ത്രിസഭാ അംഗങ്ങള്‍ക്കും ഇപ്രാവശ്യം സീറ്റുകൂടി നിഷേധിക്കപ്പെട്ടതോടെ അക്കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്.

അധികാരത്തില്‍നിന്നും അകന്നുപോകുന്ന കോണ്‍ഗ്രസ്സിനെ സംഘ്പരിവാറിലേക്കുള്ള റിക്രൂട്ടിംഗ് ക്യാംപായി പരിവര്‍ത്തിപ്പിക്കുക, ശേഷിക്കുന്ന നിരാശരായ മുസ്‌ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുക. മല്‍സരം എല്‍ഡിഎഫ്-ഉം എന്‍ഡിഎ-യും തമ്മിലാക്കി മാറ്റുക, അങ്ങനെ സംസ്ഥാനത്തെ മുപ്പത് ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന് സ്ഥിരം വോട്ടുചെയ്യാനുള്ള ഏകാവലംബ മുന്നണിയായി സിപിഎമ്മിനെ പരുവപ്പെടുത്തുക,തുടങ്ങിയ കുടില തന്ത്രത്തിന്റെ പണിപ്പുരയാണീ തിരഞ്ഞടുപ്പെന്നും മെക്ക യോഗം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപ്പോര്‍ട്ടും പ്രമേയങ്ങളുമവതരിപ്പിച്ചു. സി എച്ച് ഹംസ, എം എ ലത്തീഫ്, എ എസ് എ റസാഖ്, കെ എം അബ്ദുല്‍ കരീം, എ ഐ മുബീന്‍, അബ്ദുല്‍ സലാം ക്ലാപ്പന, എ മഹ്മൂദ്, ഡോ. പി നസീര്‍, എം അഖ്‌നിസ്, സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Similar News