തൃപ്പൂണിത്തുറയിലെ വിജയം: സ്വരാജിന്റെ ഹരജിയില്‍ കെ ബാബുവിന് ഹൈക്കോടതിയുടെ നോട്ടീസ്
2021 ഏപ്രില്‍ ആറിനു നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ ബാബു ശബരിമല വിഷയം ഉന്നയിച്ചാണ് വോട്ട് അഭ്യര്‍ഥിച്ചതെന്നാണ് സ്വരാജിന്റെ ഹരജിയിലെ പ്രധാന വാദം.കെ ബാബുവിന്റെ ജയം അസാധുവായി പ്രഖ്യാപിച്ചു തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയിലൂടെ ആവശ്യപ്പെട്ടു
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കെ ബാബു എം എല്‍ എയ്ക്ക നോട്ടിസ് അയച്ചു. 2021 ഏപ്രില്‍ ആറിനു നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ ബാബു ശബരിമല വിഷയം ഉന്നയിച്ചാണ് വോട്ട് അഭ്യര്‍ഥിച്ചതെന്നാണ് സ്വരാജിന്റെ ഹരജിയിലെ പ്രധാന വാദം.
ജനപ്രാതിനിധ്യ നിയമ പ്രകാരം ബാബു നിയമലംഘനം നടത്തിയെന്നും ഹരജിയില്‍ ആരോപിക്കുന്നു. ബാബുവിന്റെ തിരഞ്ഞെടുപ്പു ഏജന്റുമാരും മറ്റു സംഘാടകരും തെറ്റായ രീതിയില്‍ പ്രചാരണം നടത്തി. കെ ബാബുവിന്റെ ജയം അസാധുവായി പ്രഖ്യാപിച്ചു തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയിലൂടെ ആവശ്യപ്പെട്ടു.അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്.
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു. ഇതില്‍ ബാബുവിന്റെ പേരും ചിഹ്നവുമുണ്ടായിരുന്നു. മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സ്ഥാനാര്‍ഥി നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനം നടത്തിയ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.