മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്:സി ബി ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു
കേസിന്റെ അന്വേഷണം ശരിയായ നിലയില്‍ മുന്നോട്ടുപോകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബഷീറിന്റെ സഹോദരന്‍ നല്‍കിയ ഹരജിയിലാണ് കോടതി നോട്ടിസ് പുറപ്പെടുവിച്ചത്.കേസിന്റെ നിലവിലുള്ള സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും കോടതി കേരള പോലിസിനു നിര്‍ദ്ദേശം നല്‍കി
കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ സിബിഐക്ക് ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ഇന്‍ചാര്‍ജ് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ശരിയായ നിലയില്‍ മുന്നോട്ടുപോകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബഷീറിന്റെ സഹോദരന്‍ നല്‍കിയ ഹരജിയിലാണ് കോടതി നോട്ടിസ് പുറപ്പെടുവിച്ചത്.
കേസിന്റെ നിലവിലുള്ള സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും കോടതി കേരള പോലിസിനു നിര്‍ദ്ദേശം നല്‍കി.ഓണം അവധി കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷനും പ്രതിയും ഒത്തുകളിക്കുകയാണെന്നും നിലവിലുള്ള അന്വേഷണം വിശ്വാസ യോഗ്യമല്ലെന്നും ഹരജിയില്‍ പറയുന്നു. കേസിന്റെ യഥാര്‍ഥ വശങ്ങളെ തൊടാതെയാണ് അന്വേഷണം നടന്നത്, ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെടുത്തില്ലെന്നും ഹരജിക്കാരന്‍ ബോധിപ്പിച്ചു.
ഈ ഫോണില്‍ ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്, വഫ ഫിറോസ് എന്നിവരെ സംബന്ധിച്ച സുപ്രധാന വിവരങ്ങളുണ്ടെന്നും അന്വേഷണ വിധേയമാക്കേണ്ടത് അനിവാര്യമാണെന്നും ഹരജിഭാഗം കോടതയിയില്‍ വാദിച്ചു.ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തത് ദുരൂഹമാണെന്നും ഹരജിയില്‍ ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതാണ് കോടതിയെ സമീപിക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ബഷീര്‍ സഞ്ചരിച്ച ബൈക്കില്‍ ശ്രീറാമിന്റെ കാറിടിച്ചത്.