കേരള ബാങ്ക് രൂപീകരണത്തിൽ നടപടികൾ വേഗത്തിലാക്കി സർക്കാർ
റിസര്‍വ് ബാങ്കിന് വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചശേഷം തുടര്‍നടപടികൾക്കായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിൽ നടപടികൾ വേഗത്തിലാക്കി സർക്കാർ. റിസര്‍വ് ബാങ്കിന് വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചശേഷം തുടര്‍നടപടികൾക്കായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.
ബാങ്കിന്‍റെ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പ്രോജക്‌ട് മാനേജ്മെന്‍റ് തുടങ്ങിയവയില്‍ നയരൂപീകരണം, തീരുമാനമെടുക്കല്‍ എന്നിവയാണ് സെല്ലിന്‍റെ മുഖ്യലക്ഷ്യം. ജില്ലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റും മൂലധന പര്യാപ്തതയും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പരിശോധിച്ച് തിട്ടപ്പെടുത്താന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരെയും ഉപയോഗപ്പെടുത്തും.
ജില്ലാ ബാങ്കുകളുടെ ജനറല്‍ മാനേജര്‍മാരെ ഉള്‍പ്പെടുത്തി രണ്ട് മേല്‍നോട്ട കമ്മിറ്റികളും രൂപീകരിച്ചു. സംസ്ഥാന സഹകരണ ബാങ്കിന്‍റെ ചീഫ് ജനറല്‍ മാനേജര്‍മാരാണ് കമ്മറ്റികളുടെ അധ്യക്ഷന്‍മാര്‍. സംസ്ഥാന- ജില്ല ബാങ്കുകളുടെ ലയനം സുഗമമാക്കാന്‍ ഇടുക്കി, വയനാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ബാങ്ക് ജനറല്‍ മനേജര്‍മാരെ ഉൾപ്പെടുത്തി ഒരു കമ്മറ്റിയും കേരള ബാങ്കിന്‍റെ ഏകീകരണ രൂപരേഖയും ചുമതല നിര്‍ണയവും നിശ്ചയിക്കുന്നതിനായി മറ്റൊരു കമ്മറ്റിയുമാണ് രൂപീകരിച്ചത്. കാസര്‍കോഡ്, കോട്ടയം, കൊല്ലം, എറണാകുളം ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരാണ് രണ്ടാമത്തെ കമ്മറ്റിയിലെ അംഗങ്ങള്‍.