സർക്കാരിന്റെ വലിയ സംഭാവനകളിലൊന്നാണ് കേരള ബാങ്ക്: മുഖ്യമന്ത്രി
കൊവിഡ് പ്രതിസന്ധിയിൽ പ്രവാസികൾക്കും സാധാരണജനങ്ങൾക്കും താങ്ങായി കേരള ബാങ്ക് ഇടപെടുന്നുണ്ട്. കാർഷിക വ്യാവസായിക രംഗത്ത് നൂതന ആശയങ്ങൾക്കും പദ്ധതികൾക്കും കേരള ബാങ്ക് ശക്തി പകരും.
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ വലിയ സംഭാവനകളിലൊന്നാണ് കേരള ബാങ്ക് രൂപീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ നാലുവർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ ഭരണനേട്ടങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് കേരള ബാങ്കായിരിക്കും. അതിജീവനത്തിന്റെ പാതയിൽ മുതൽക്കൂട്ടായിരിക്കും കേരള ബാങ്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയിൽ പ്രവാസികൾക്കും സാധാരണജനങ്ങൾക്കും താങ്ങായി കേരള ബാങ്ക് ഇടപെടുന്നുണ്ട്. കാർഷിക വ്യാവസായിക രംഗത്ത് നൂതന ആശയങ്ങൾക്കും പദ്ധതികൾക്കും കേരള ബാങ്ക് ശക്തി പകരും. ഇടപാടുകാർക്ക് കുറഞ്ഞ ചിലവിൽ സേവനം നൽകാനും ഉയർന്ന നിരക്കിൽ കാർഷിക വായ്പ നൽകാനും കഴിയും.
കേരളബാങ്ക് നടപ്പാവില്ലെന്ന് പറഞ്ഞവരും അസാധ്യമാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നവരുണ്ട്. അത്തരക്കാരുടെ മോഹങ്ങളെയെല്ലാം അപ്രസക്തമാക്കിയാണ് കേരള ബാങ്ക് നിലവിൽ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.