സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

Update: 2021-01-15 03:33 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2021-22 സാമ്പത്തികവര്‍ഷത്തേക്കുള്ള അവസാന ബജറ്റിന്റെ അവതരണം നിയമസഭയില്‍ തുടങ്ങി. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ 12ാമത്തെ ബജറ്റ് അവതരണമാണിത്. രാവിലെ ഒമ്പതിന് തന്നെ ബജറ്റ് അവതരണം ആരംഭിച്ചു. എട്ടരയോടെയാണ് ഔദ്യോഗിക വസതിയില്‍നിന്ന് ധനമന്ത്രി സഭയിലെത്തിയത്. തുടര്‍ന്ന് ഭരണ- പ്രതിപക്ഷ അംഗങ്ങളുമായി സൗഹൃദം പങ്കുവച്ചശേഷമാണ് അദ്ദേഹം ബജറ്റ് അവതരണത്തിലേക്ക് കടന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.

മുഴുവന്‍ കൊവിഡ് പോരാളികളെയും അദ്ദേഹം അഭിന്ദിച്ചു. നാലുമാസത്തേക്കുള്ളതല്ല, ഭരണത്തുടര്‍ച്ച ലക്ഷ്യംവച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ശ്രമമുണ്ടാവും. ജനക്ഷേമ പദ്ധതികള്‍ ഊന്നലുണ്ടാവും. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുമെന്നും കടമെടുപ്പില്‍ വേവലാതിയുണ്ടാവേണ്ടതില്ലെന്നുമാണ് ധനമന്ത്രി പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ക്ഷേമവാഗ്ദാനങ്ങളായിരിക്കും ഏറെയും മുന്നില്‍വയ്ക്കുക.

Tags:    

Similar News