ചാന്‍സലേഴ്സ് പുരസ്‌കാരം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക്; പുരസ്‌കാരം മുന്നേറ്റത്തിന് ഊര്‍ജം പകരുന്നതെന്ന് വൈസ് ചാന്‍സലര്‍
ഇത് രണ്ടാം തവണയാണ് സര്‍വ്വകലാശാലക്ക് പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ 2016-17 അധ്യയന വര്‍ഷത്തിലാണ് പുരസ്‌കാരം ലഭിച്ചത്. 'കൂട്ടായ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണിതെന്നും ഈ നേട്ടം ദേശീയ തലത്തിലെ മികച്ച 10 സര്‍വ്വകലാശാലകളുടെ പട്ടികയില്‍ കൊച്ചി സര്‍വ്വകലാശാലയെ എത്തിക്കാനുള്ള പ്രയത്നത്തിന് ഊര്‍ജ്ജം പകരുന്നതാണെന്നും വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ പറഞ്ഞു
കൊച്ചി: കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ചാന്‍സലേഴ്സ് പുരസ്‌കാരത്തിന് 2018-19 അധ്യയന വര്‍ഷത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല(കുസാറ്റ്)തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് സര്‍വ്വകലാശാലക്ക് പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ 2016-17 അധ്യയന വര്‍ഷത്തിലാണ് പുരസ്‌കാരം ലഭിച്ചത്. 'കൂട്ടായ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണിതെന്നും ഈ നേട്ടം ദേശീയ തലത്തിലെ മികച്ച 10 സര്‍വ്വകലാശാലകളുടെ പട്ടികയില്‍ കൊച്ചി സര്‍വ്വകലാശാലയെ എത്തിക്കാനുള്ള പ്രയത്നത്തിന് ഊര്‍ജ്ജം പകരുന്നതാണെന്നും വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ പറഞ്ഞു.
അധ്യാപനം, ഗവേഷണം, ഭരണ പാടവം, സാമൂഹ്യപ്രതിബദ്ധത, പ്രോജക്ട് അവതരണം, വൈസ് ചാന്‍സലറുമായുള്ള അഭിമുഖം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് കുസാറ്റിന് പുരസ്‌കാരം ലഭിച്ചത്.പുരസ്‌കാരത്തിനായി ഒരു മാസത്തെ ചുരുങ്ങിയ സമയം വിനിയോഗിച്ചു കൊണ്ട് നാലു പ്രോജക്ടുകളാണ് സര്‍വ്വകലാശാലയിലെ യുവ അധ്യാപകരുള്‍പ്പെടുന്ന സംഘം തയ്യാറാക്കിയത്. അതില്‍ രണ്ടെണ്ണത്തിന് അവതരണാനുമതി ലഭിക്കുകയും ചെയ്തു. ഇത് പുരസ്‌കാര ലബ്ധിയില്‍ നിര്‍ണ്ണായകമായതായും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. മുപ്പത്തിയേഴോളം വിദേശ സര്‍വ്വകലാശാലകളുമായി കുസാറ്റ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.
വിദേശ സര്‍വ്വകലാശാലകളുമായുള്ള ഗവേഷണ സഹരണം, അധ്യാപക, വിദ്യാര്‍ഥി വിനിമയം എന്നിവ കൊച്ചി സര്‍വ്വകലാശാലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഗുണകരമാകുമെന്ന് ഡോ. മധുസൂദനന്‍ പറഞ്ഞു.''ഇന്റ്ഗ്രേറ്റഡ് ലൈഫ് സയന്‍സ് പ്രോഗ്രാം, ഫോറന്‍സിക് സയന്‍സ്, ഡാറ്റ സയന്‍സ് എന്നീ വിഷയങ്ങളില്‍ എം.എസ്സി, ജപ്പാനിലെ ഷിമാനെ സര്‍വ്വകലാശാലയുമായി സഹകരിച്ച ഓന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഇന്നവേഷന്‍ ഡിപ്ലോമ എന്നീ കോഴ്സുകള്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പ്, ഇന്നവേഷന്‍ എന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതിനായി ഇന്നവേഷന്‍ ഹബ്ബ് തുടങ്ങും.
വ്യാവസായിക മേഖലയുമായുള്ള അക്കാദമിക് രംഗത്തിനുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ തുടങ്ങും. സമൂഹത്തിന് ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത് ലക്ഷ്യമിട്ട് ഗ്രാമ പ്രദേശങ്ങളിലെ പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കമ്മ്യൂണിറ്റി ലാബുകള്‍ സ്ഥാപിക്കും.ലോകറാങ്കിങ്ങില്‍ ഇരുന്നൂറിനകത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്നുള്ള അധ്യാപകരേയും ശാസ്ത്രജ്ഞരേയും കൊച്ചി സര്‍വ്വകലാശാലയിലെത്തിച്ച് അധ്യാപക, വിദ്യാര്‍ഥിസമൂഹവുമായുള്ള സഹപ്രവര്‍ത്തനത്തിലൂടെ ഇവിടുത്തെ ഗവേഷണ, അഥ്യാപന പ്രവര്‍ത്തനങ്ങളുടെ നിലവാരമയര്‍ത്തുകയാണ് പരിപാടി വിഭാവനം ചെയ്യുന്നതെന്നും ഡോ. മധുസൂദനന്‍ കൂട്ടിച്ചേര്‍ത്തു.