ഐ ടി പാര്‍ക്കുകളെ മദ്യവ്യാപാര കേന്ദ്രങ്ങളാക്കരുത് :കേരള മദ്യവിരുദ്ധ ഏകോപന സമിതി
തൊഴിലിടങ്ങള്‍ മദ്യവല്‍ക്കരിക്കുന്നത് സാമൂഹ്യ അരാജകത്വത്തിന് വഴി തെളിക്കും.തൊഴിലാളികളുടെ ശാരീരിക-മാനസികാരോഗ്യം തകര്‍ത്ത് അവരെ നശിപ്പിക്കാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം
കൊച്ചി: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാനനേതൃയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.തൊഴിലിടങ്ങള്‍ മദ്യവല്‍്ക്കരിക്കുന്നത് സാമൂഹ്യ അരാജകത്വത്തിന് വഴി തെളിക്കും. തൊഴിലെടുക്കുന്നവരില്‍ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍, ഇടയ്ക്കിടെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശീലം, ഉല്‍പ്പാദനക്ഷമതയിലെ മാന്ദ്യം, സഹകരണ മില്ലായ്മ, കാര്യക്ഷമതയില്ലായ്മ, തീരുമാനമെടുക്കാന്‍ സാധിക്കാത്ത മാനസികാവസ്ഥ, ഉറങ്ങുന്ന ശീലം, അപകടങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഈ നയം മൂലം സംഭവിക്കുക.
തൊഴിലിടങ്ങള്‍ മദ്യവല്‍ക്കരിച്ച് തൊഴിലാളികളു ടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കാമെന്ന സമീപനം തികച്ചും അശാസ്ത്രീയമാണ്. പബ്ബുകള്‍ ആരംഭിച്ചാല്‍ അതോടൊപ്പം ബ്രുവറികളും ആരംഭിക്കേണ്ടിവരും. മദ്യലോബിയും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഇത് വഴിവയ്ക്കും. തൊഴിലാളികളുടെ ശാരീരിക-മാനസികാരോഗ്യം തകര്‍ത്ത് അവരെ നശിപ്പിക്കാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു. പ്രതിഷേധ-പ്രചാരണ-സമര പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.
റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ കെ കൃഷ്ണന്‍, പി എച്ച് ഷാജഹാന്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, ഫാ. അഗസ്റ്റിന്‍ ബൈജു കുറ്റിക്കല്‍, ഫാ.ആന്റണി അറയ്ക്കല്‍, ജെയിംസ് കോറമ്പേല്‍, ഹില്‍ട്ടണ്‍ ചാള്‍സ്, സി എക്‌സ്. ബോണി, ജെസ്സി ഷാജി, കെ എ പൗലോസ് കാച്ചപ്പള്ളി, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, പീറ്റര്‍ റുഫസ്, സിസ്റ്റര്‍ ആന്‍, ഷൈബി പാപ്പച്ചന്‍ സംസാരിച്ചു.