കേരള മീഡിയ അക്കാദമി 2019 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

25000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.

Update: 2021-02-19 10:09 GMT

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പ്രഖ്യാപിച്ചു. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മലയാളമനോരമയിലെ കെ ഹരികൃഷ്ണന്‍ അര്‍ഹനായി. ബില്‍ക്കിസ് ബാനു : ഒരു യുദ്ധവിജയം എന്ന എഡിറ്റോറിയലാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കൊടും പീഡനത്തിന്റെയും തുടര്‍നിരാസങ്ങളുടെയും അപമാനങ്ങളുടെയും കനല്‍പാതയില്‍ നിന്നു നേടിയ അതിജീവനകാംക്ഷയും പോരാട്ട വീര്യവും മുദ്രയാക്കിയ ബില്‍ക്കിസ് ബാനു നിയമപോരാട്ടത്തിലൂടെ നേടിയ വിജയം ഇന്ത്യന്‍ പെണ്‍മയ്ക്കു തന്നെ സ്വാഭിമാനത്തിന്റെ പുത്തനുണര്‍വു നേടിക്കൊടുക്കുകയാണ് . കെ വി സുധാകരന്‍,ഡോ.ബി ഇക്ബാല്‍, റിഷി കെ മനോജ് എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് ദീപികയിലെ റിച്ചാര്‍ഡ് ജോസഫ് അര്‍ഹനായി. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് അഡിക്ഷനും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ്യുന്ന സ്‌ക്രീനില്‍ കുടുങ്ങുന്ന കുട്ടികള്‍ എന്ന പരമ്പരയാണ് റിച്ചാര്‍ഡ് ജോസഫിനെ അവാര്‍ഡിനര്‍ഹനാക്കിയത്. എം പി അച്യുതന്‍, ആര്‍ പാര്‍വതി ദേവി, ടി കെ സന്തോഷ്‌കുമാര്‍ എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.

മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍ എന്‍ സത്യവ്രതന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപത്രത്തിലെ നിലീന അത്തോളി അര്‍ഹയായി. സാക്ഷര കേരളത്തിലെ ഭര്‍തൃ ബലാല്‍സംഗങ്ങള്‍ എന്ന പരമ്പരയാണ് നിലീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. സണ്ണിക്കുട്ടി എബ്രഹാം, പി പി അബൂബക്കര്‍ , എം ആര്‍ ജയഗീത എന്നിവരടങ്ങിയ കമ്മറ്റിയാണ് വിധി നിര്‍ണ്ണയം നടത്തിയത്

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി നേമം ബ്യൂറോയിലെ ആര്‍ ആനൂപ് അര്‍ഹനായി. കേരളത്തിലെ പ്രമുഖ ശുദ്ധജലതടാകങ്ങളിലൊന്നായ വെള്ളായണിക്കായല്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുളള വെള്ളായണിക്കായലിനെ കാക്കാം എന്ന റിപ്പോര്‍ട്ടാണ് അനൂപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. തുളസീ ഭാസ്‌കരന്‍, പി വി മുരുകന്‍, എസ് ഡി പ്രിന്‍സ് എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.

മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് മെട്രോവാര്‍ത്തയിലെ മനുഷെല്ലി അര്‍ഹനായി. വാരികുന്തമൊന്നും വേണ്ട ഇതിനൊക്കെ ചെരിപ്പു തന്നെ ധാരാളം എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. രാഷ്ട്രീയ സാമൂഹ്യരംഗത്ത് സഹസ്രാബ്ദം നിറഞ്ഞുനിന്ന വിപ്ലവകാരിയുടെ നൈസര്‍ഗികമായ പ്രതികരണം പകര്‍ത്തിയ ചിത്രമാണ് മനുവി നെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സെലിബ്രേറ്റിംഗ് ഏജ് എന്ന ചിത്രമെടുത്ത ടൈംസ് ഓഫ് ഇന്ത്യയിലെ ദീപപ്രസാദ് പ്രോത്സാഹനസമ്മാനത്തിന് അര്‍ഹനായി. ഷാജി എന്‍ കരുണ്‍,ബി ജയചന്ദ്രന്‍, ഡോ.നീന പ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.

മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് മീഡിയവണ്ണിലെ സുനില്‍ ബേബി അര്‍ഹനായി. മഹാരാഷ്ട്രയിലെ കരിമ്പിന്‍ കൃഷിചെയ്യുന്ന സ്ത്രീ തൊഴിലാളികളെ യൗവനത്തില്‍ പോലും ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന ചൂഷണം വ്യക്തമാക്കുന്ന പേറ്റ് വിലക്ക് എന്ന എന്ന അന്വേഷണാത്മക റിപ്പോര്‍ട്ടിനാണ് കേരള മീഡിയ അക്കാദമിയുടെ ടെലിവിഷന്‍ പുരസ്‌കാരം .

വെള്ളിത്തിരയിലെ കുഞ്ഞു താരങ്ങള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം പകരുമ്പോഴും കടുത്ത ബാലാവകാശങ്ങള്‍ നേരിടുന്നു എന്ന് ഓര്‍മ്മിപ്പിച്ച ന്യൂസ് 18 നിലെ നടി രോഹിണിയുമായുള്ള അഭിമുഖം നടത്തിയ ശരത്ചന്ദ്രന് ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചു. ചെന്നെത്താന്‍ ബുദ്ധിമുട്ടുള്ള ഒരിടത്ത് സംഭവിച്ച ഒരു വലിയ ദുരന്തത്തിന്റെ ഗൗരവം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിച്ച , കവളപ്പാറ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്ത ,ഏഷ്യാനെറ്റിലെ സാനിയോ എന്നിവര്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി.

ടി കെ രാജീവ് കുമാര്‍, എ ഹേമചന്ദ്രന്‍ ഐ.പി.എസ്, സരിത വര്‍മ്മ , എന്നിവരടങ്ങിയ കമ്മറ്റിയാണ് വിധിനിര്‍ണ്ണയം നടത്തിയത്. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല പങ്കെടുത്തു.

Tags:    

Similar News