ഒരുക്കങ്ങൾ പൂർത്തിയായി; 47 ലക്ഷത്തോളം വിദ്യാർഥികൾ തിങ്കളാഴ്ച സ്കൂളിലേക്ക്
ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളിൽ ഉണ്ട്.
തിരുവനന്തപുരം: സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർഥികൾ തിങ്കളാഴ്ച സ്‌കൂളുകളിലെത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്ന് മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർഥികളുമാണുള്ളത്.
ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളിൽ ഉണ്ട്. ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളിൽ ഒരു ലക്ഷത്തി അമ്പതിയേഴായിരത്തിൽപരം അധ്യാപകരും ഹയർ സെക്കണ്ടറിയിൽ മുപ്പത്തിനായിരത്തിൽപരം അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മൂവായിരത്തി തൊള്ളായിരത്തോളം അധ്യാപകരുണ്ട്.
പ്രീപ്രൈമറി സ്‌കൂളുകളിലും കുട്ടികൾ എത്തുന്നുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്‌ളാസുകൾ ഉണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ളാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.
ഒരുക്കങ്ങൾ പൂർത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. മാർഗരേഖ നിർദേശിച്ച പ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആകും സ്കൂൾ നടത്തിപ്പെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളൂകള്‍ പൂര്‍ണ തോതില്‍ തുറക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവര്‍ക്കും ആത്മവിശ്വാസത്തോടെ സ്‌കൂളില്‍ പോകാവുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രക്ഷിതാക്കളും എല്ലാവരും പാലിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
വ്യാപനം കുറഞ്ഞെങ്കിലും കൊവിഡില്‍ നിന്നും നമ്മള്‍ ഇപ്പോഴും മുക്തരല്ല. അതിനാല്‍ കൊവിഡിന്റെ ബാലപാഠങ്ങള്‍ എല്ലാവരും ഓര്‍മ്മിക്കേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്‌കൂളില്‍ പോകരുതെന്നും മന്ത്രി പറഞ്ഞു.
എന്തെങ്കിലും ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.