കല്ലട ബസ്സിലെ പീഡനം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
കല്ലട ബസ്സുടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാന്‍ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ പരിശോധിക്കുമെന്ന് എം സി ജോസഫൈന്‍ അറിയിച്ചു.
തിരുവനന്തപുരം: കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കല്ലട ബസ്സുടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാന്‍ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ പരിശോധിക്കുമെന്ന് എം സി ജോസഫൈന്‍ അറിയിച്ചു.
യാത്രയ്ക്കിടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോലും ജീവനക്കാര്‍ സ്ത്രീകള്‍ക്ക് ബസ് നിര്‍ത്തിക്കൊടുക്കുന്നില്ലെന്ന് പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇക്കാര്യവും വനിതാ കമ്മീഷന്‍ അന്വേഷിക്കും. യാത്രയ്ക്കിടെ ബസ് ജീവനക്കാരന്‍തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്സസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പീഡനശ്രമം നടന്നത്.
മംഗലാപുരത്തുനിന്ന് കയറിയ തമിഴ്‌നാട്ടുകാരിയായ യുവതിയെയാണ് രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കിടന്നുറങ്ങുമ്പോള്‍ ഡ്രൈവര്‍ കയറിപ്പിടിക്കുകയായിരുന്നു. ഇരുട്ടത്ത് അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഡ്രൈവറുടെ ന്യായം. എന്നാല്‍, ആവശ്യത്തിനു വെളിച്ചമുണ്ടായിരുന്നെന്നുംതന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതാണെന്നും യുവതി പറയുന്നു. യാത്രക്കാരി ബഹളംവച്ചതിനെ തുടര്‍ന്ന് യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലിസിനു കൈമാറിയത്.