ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കണമെന്നാവശ്യവുമായി ഉടമകള്‍

ആരാധനാലയങ്ങള്‍ തുറക്കുവാനും, ഇന്‍ഡോര്‍ ഷൂട്ടിംഗ് കള്‍ക്കും, അനുമതി നല്‍കിയ സര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കാത്തതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് കേരള ഹോട്ടല്‍ ആന്റ്് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു

Update: 2021-06-23 08:22 GMT

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഹോട്ടല്‍ മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണെന്ന് ഹോട്ടലുടമകള്‍. ആരാധനാലയങ്ങള്‍ തുറക്കുവാനും, ഇന്‍ഡോര്‍ ഷൂട്ടിംഗ് കള്‍ക്കും, അനുമതി നല്‍കിയ സര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കാത്തതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പൊതുഗതാഗതം അനുവദിച്ചതോടെ ബസ്സുകളില്‍ അടുത്തടുത്ത് ഇരുന്നു യാത്രചെയ്യുന്നവര്‍ ഹോട്ടലുകളില്‍ കയറി അകന്നിരുന്നു ഭക്ഷണം കഴിക്കുന്നത് കൊവിഡ വ്യാപനത്തിന് ഇടയാക്കുമെന്ന് നിര്‍ദ്ദേശം യുക്തിസഹമല്ല.. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ആള്‍ക്കൂട്ടങ്ങളും തിരക്കും കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ഹോട്ടലുകളില്‍ മാത്രം ഉപഭോക്താക്കളെ പ്രവേശിപ്പിച്ച കൊവിഡ മാനദണ്ഡം പാലിച്ച് ഭക്ഷണം നല്‍കുന്നത് മാത്രം അനുവാദം നല്‍കാത്തത് സാമാന്യ നീതി നിഷേധം കൂടിയാണ്.

സംസ്ഥാനത്തെ ഭൂരിപക്ഷം ഹോട്ടലുകളും റസ്റ്റോറന്റുകളും കഴിഞ്ഞ രണ്ടു മാസത്തോളമായി അടഞ്ഞുകിടക്കുകയാണ് . പാര്‍സല്‍ മാത്രമായി തുറന്ന ഭൂരിപക്ഷം ഹോട്ടലുകളും നഷ്ടം താങ്ങാനാവാതെ അടച്ചിടേണ്ടി വന്നു. കെട്ടിട വാടക , വെള്ളക്കരം, വൈദ്യുതിചാര്‍ജ്, ജി എസ് ടി, ബാങ്ക് വായ്പ അടക്കമുള്ള നിരവധി ബാധ്യതകള്‍ ഹോട്ടലുടമകള്‍ നേരിടുന്നു. പരിമിതമായെങ്കിലും ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചാല്‍ മാത്രമേ ഹോട്ടല്‍ ഉടമകള്‍ക്ക് പിടിച്ചു നില്‍ക്കുവാന്‍ സാധിക്കൂ.

ഹോട്ടലുകളിലും റസ്റ്റോറന്റ്് കളിലും സീറ്റിംഗ് കപ്പാസിറ്റി യുടെ 50 ശതമാനം ഇരിപ്പിടങ്ങളില്‍ എങ്കിലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാനും ടി പി ആര്‍ നിരക്ക് 16 ശതമാനത്തിലും താഴെയുള്ള പ്രദേശങ്ങളില്‍ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലെ ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണമെന്നും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജയപാലും ആവശ്യപ്പെട്ടു.

Tags:    

Similar News