ചിക്കന്‍, ഭക്ഷ്യ എണ്ണ ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ; ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഉടമകള്‍

വിലക്കയറ്റം നിയന്ത്രിക്കുവാന്‍ വിപണിയിലിടപെട്ട് നടപടികള്‍ സ്വീകരിക്കേണ്ട സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുടമകള്‍ക്കെതിരെ പ്രതികാരമനോഭാവത്തോടെ നടപടികളെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ജി ജയപാലും സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാളും പറഞ്ഞു

Update: 2022-03-12 14:25 GMT

കൊച്ചി: സംസ്ഥാനത്ത് ചിക്കനും, ഭക്ഷ്യ എണ്ണയ്ക്കും, പലവ്യഞ്ജനം അടക്കമുള്ള നിത്യോപയോഗസാധനങ്ങള്‍ക്കും വിലകുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടനയായ കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍.വിലക്കയറ്റം നിയന്ത്രിക്കുവാന്‍ വിപണിയിലിടപെട്ട് നടപടികള്‍ സ്വീകരിക്കേണ്ട സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുടമകള്‍ക്കെതിരെ പ്രതികാരമനോഭാവത്തോടെ നടപടികളെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ജി ജയപാലും സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാളും പറഞ്ഞു.

ചിക്കന്റെ വില ഒരു മാസത്തിനിടെ ഇരട്ടിയോളമാണ് വര്‍ധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന തമിഴ്‌നാട്ടിലെ ഒരു മൊത്തവിതരണക്കാരന്റെ ലാഭക്കൊതിയാണ് സംസ്ഥാനത്തെ ചിക്കന്‍വിലവര്‍ധനവിന് കാരണം. ഇതര സംസ്ഥാന ലോബികളുടെ ലാഭക്കൊതിക്കെതിരെ ചെറുവിരലനക്കാതെ ഹോട്ടലുടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാനാണ് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഉല്‍സാഹിക്കുന്നത്.

ചിക്കനെക്കൂടാതെ ഭക്ഷ്യഎണ്ണയ്ക്കും, പരിപ്പ്, പയര്‍ അടക്കമുള്ള പലവ്യഞ്ജനങ്ങള്‍ക്കും വലിയതോതിലാണ് വിലകുതിച്ചുയരുന്നത്. ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനചെലവുപോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിലക്കയറ്റം ഈ രീതിയില്‍ തുടരുകയാണെങ്കില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാതെ ഹോട്ടലുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ചിക്കന്റെ വില നിയന്ത്രിക്കുവാന്‍ ചിക്കന്‍ലോബി തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്തെ ചിക്കന്‍ വിപണിയുടെ 75 ശതമാനത്തോളം വരുന്ന ഉപഭോക്താക്കളായ ഹോട്ടല്‍ മേഖല ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കുവാന്‍ തീരുമാനമെടുക്കേണ്ടിവരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Tags:    

Similar News