ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കാത്തതില്‍ പ്രതിഷേധം; സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഉടമകള്‍

എല്ലാ മേഖലകളും തുറന്ന് കൊടുത്തിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍മാത്രം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാത്തതിനു പിന്നില്‍ മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജിയും, ജനറല്‍സെക്രട്ടറി ജി ജയപാലും പറഞ്ഞു

Update: 2021-09-20 11:15 GMT

കൊച്ചി: സംസ്ഥാനത്ത് പ്രൈമറി വിദ്യാലയങ്ങള്‍ വരെ തുറക്കാന്‍ തീരുമാനമെടുത്ത സംസ്ഥാനസര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍. ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരങ്ങള്‍ ആരംഭിക്കുവാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി സെപ്തംബര്‍ 22ന് സെക്രട്ടറിയേറ്റ് നടയില്‍ സംസ്ഥാനഭാരവാഹികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുവാനും ധര്‍ണ്ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യൂനിറ്റുകളിലും പ്രതിഷേധ പ്രകടനവും നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജിയും, ജനറല്‍സെക്രട്ടറി ജി ജയപാലും പറഞ്ഞു.

എല്ലാ മേഖലകളും തുറന്ന് കൊടുത്തിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍മാത്രം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാത്തതിനു പിന്നില്‍ മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഭക്ഷണവിതരണമേഖലയില്‍ കുത്തക ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് കടന്നുകയറുവാന്‍ സഹായകരമായ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.കൊവിഡ് രണ്ടാം തംരംഗം ആരംഭിച്ചപ്പോള്‍ ഏറ്റവും ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയാണ് ഹോട്ടല്‍ മേഖല.

സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് നിയന്ത്രണവിധേയമാണെന്നും വാക്‌സിനേഷന്‍ 90 ശതമാനത്തോളം പൂര്‍ത്തിയായതിനാല്‍ കൊച്ചുകുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍വരെ തുറക്കാന്‍ അനുമതി നല്‍കിയ വിദഗ്ധ സമിതി ഹോട്ടലുകളില്‍ ഡൈനിംഗ് പാടില്ലായെന്ന വാശിപിടിക്കുന്നത് ദുരുദ്ദേശപരമാണ്. സാധാരണക്കാരായ പൊതുസമൂഹം നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാത്ത ഉന്നത ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിക്കാതെ പ്രായോഗികതീരുമാനം എടുക്കുവാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണം. സ്വയം തൊഴില്‍കണ്ടെത്തി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഹോട്ടല്‍ മേഖലയെ സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News