ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം: അവ്യക്തത പരിഹരിക്കണമെന്ന് ഉടമകള്‍

സംസ്ഥാനത്ത് ഓരോ ജില്ലഭരണകൂടങ്ങളും പലവിധത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പരാമര്‍ശിച്ചത്. ഇതേതുടര്‍ന്ന് ഹോട്ടലുടമകള്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജിയും ജനറല്‍സെക്രട്ടറി ജി ജയപാലും പറഞ്ഞു

Update: 2021-04-23 09:04 GMT

കൊച്ചി: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി 9 മണിക്ക് അടക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ 7.30ന് ഹോട്ടലുകള്‍ അടപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. സംസ്ഥാനത്ത് ഓരോ ജില്ലഭരണകൂടങ്ങളും പലവിധത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പരാമര്‍ശിച്ചത്. ഇതേതുടര്‍ന്ന് ഹോട്ടലുടമകള്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പ്രകാരം രാത്രി 9 മണിവരെ ഹോട്ടലുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ പല ജില്ലകളിലും 7 മണികഴിയുമ്പോള്‍തന്നെ ഉദ്യോഗസ്ഥരെത്തി ഹോട്ടലുകള്‍ അടപ്പിക്കുകയും, പിഴ ഈടാക്കുകയും ചെയ്യുന്നു. സംസ്ഥാനസര്‍ക്കാരും, ജില്ലാ ഭരണകൂടങ്ങളും തമ്മില്‍ ഉത്തരവുകള്‍ നടപ്പിലാക്കുന്നതിലുള്ള ഏകോപനമില്ലായ്മമൂലം കഷ്ടപ്പെടുന്നത് ഹോട്ടലുടമകളാണ്.

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനോടൊപ്പം പ്രവര്‍ത്തിക്കുന്ന ഭക്ഷണവിതരണ മേഖലയെ ദ്രോഹിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും നിലവില്‍ സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അനുസരിച്ച് രാത്രി 9 മണിവരെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജിയും ജനറല്‍സെക്രട്ടറി ജി ജയപാലും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

Tags:    

Similar News