കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയും മരിച്ചു
ആക്രമണത്തിനിടെ ഗുരുതര പൊള്ളലേറ്റ ശശിധരന്‍ നായര്‍ മെഡിക്കല്‍ കോളജ് അശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് മടവൂര്‍ സ്വദേശിയായ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമല കുമാരിയേയും ഇയാള്‍ തീകൊളുത്തിയത്.
തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതി ശശിധരന്‍ നായരും മരിച്ചു. ആക്രമണത്തിനിടെ ഗുരുതര പൊള്ളലേറ്റ ശശിധരന്‍ നായര്‍ മെഡിക്കല്‍ കോളജ് അശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് മടവൂര്‍ സ്വദേശിയായ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമല കുമാരിയേയും ഇയാള്‍ തീകൊളുത്തിയത്.
അരുംകൊലയ്ക്കിടെ 85 ശതമാനം പൊള്ളലേറ്റ ശശീധരന്‍ നായര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇന്ന് വൈകീട്ട് നാലരയോടെ ശശിധരന്‍ നായരും മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കിളിമാനൂര്‍ പാരിപ്പള്ളി റോഡിനോട് ചേര്‍ന്ന പ്രഭാകരക്കുറുപ്പിന്റെ വീട്ടില്‍ നിന്നുള്ള നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ആളിക്കത്തുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയുമാണ്. വീടിന്റെ മുറ്റത്ത് ശശിധരന്‍നായര്‍ പൊള്ളലേറ്റ നിലയില്‍ ഇരിക്കുന്നുണ്ടായിരുന്നു.
വിമുക്തഭടനായ ശശീധരന്‍ നായര്‍ പെട്രോളും ചുറ്റികയുമായി എത്തി, ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രഭാകരന്‍ നായരേയും വിമല കുമാരിയേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തന്റെ മകന്റെ ആത്മഹത്യയ്ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന് ആരോപിച്ചായിരുന്നു ശശിധരന്‍ നായര്‍ ഈ കൊടുംക്രൂരത ചെയ്തത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്‌റിനിലേക്ക് ജോലിക്കായി പോയിരുന്നു. നല്ല ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ മകന്‍ വിദേശത്ത് ജീവനൊടുക്കി. അതിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ച് ശശിധരന്‍ നായര്‍ നിയമനടപടികളുമായി മുന്നോട്ടുപോയി.
അതിനിടയില്‍ ശശിധരന്‍നായരുടെ മകളും കിണറ്റില്‍ ചാടി മരിച്ചു. ശശിധരന്‍നായര്‍ കൊടുത്ത കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് പ്രതികാരം ചെയ്യാന്‍ ശശിധരന്‍ നായര്‍ തീരുമാനിച്ചത്.