ഇന്ത്യയിലെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമായി കൊച്ചി

ഡിമെന്‍ഷ്യ ക്ലിനിക്കുകളുടെയും കെയര്‍ ഹോമിന്റെയും ഉദ്ഘാടനവും ഡിമെന്‍ഷ്യ സൗഹൃദ ജില്ല എന്ന പരിപാടിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കലും നടന്നു

Update: 2021-10-16 10:28 GMT

കൊച്ചി: ഇന്ത്യയിലെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമായി കൊച്ചി മാറി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഡിമെന്‍ഷ്യ ക്ലിനിക്കുകളുടെയും കെയര്‍ ഹോമിന്റെയും ഉദ്ഘാടനവും ഡിമെന്‍ഷ്യ സൗഹൃദ ജില്ല എന്ന പരിപാടിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കലും നടന്നു. ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിന്റെ ഭാഗമായ ഉദ്‌ബോധിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും മാജിക്‌സ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഡിമെന്‍ഷ്യ രോഗാവസ്ഥയെക്കുറിച്ചു ബോധവല്‍ക്കരിക്കാനും, ഈ അവസ്ഥയിലുള്ളവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും, ഇവരുടെ സഹായികള്‍ക്കും ബന്ധുക്കള്‍ക്കും പരിചരിക്കാന്‍ പ്രത്യേക പരിശീലനം നല്‍കാനും അതുവഴി ഈ അവസ്ഥയിലുള്ളവരെ സമൂഹത്തിന്റെ ഭാഗമാക്കിത്തീര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ഉദ്‌ബോധ് എന്ന പദ്ധതി. ഇവര്‍ക്ക് സഹായകരമായ രീതിയില്‍ സൗജന്യ മനഃശാസ്ത്ര ഉപദേശങ്ങള്‍, നിയമ ഉപദേശങ്ങള്‍, ക്ലിനിക്കല്‍ സൗകര്യങ്ങള്‍, പകല്‍ പരിചരണ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കും. മനഃശ്ശാസ്ത്ര ഉപദേശങ്ങള്‍, നിയമോപദേശങ്ങള്‍ എന്നിവ ആപ്പ് വഴിയും, നേരിട്ടും ലഭ്യമാക്കും.

ക്ലിനിക്കല്‍ സൗകര്യങ്ങള്‍ സൗജന്യമായി ജില്ലാ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള ഡിമെന്‍ഷ്യ ക്ലിനിക്കില്‍ ലഭിക്കും. സൗജന്യ പരിചരണത്തിനായുള്ള പകല്‍വീട് ഒരുക്കിയിട്ടുള്ളത് പി ജെ ആന്റണി സാംസ്‌കാരിക കേന്ദ്രത്തിനോട് അനുബന്ധിച്ചാണ്. ജില്ലാഭരണകൂടത്തിന്റെ സഹകരണത്തില്‍ അടുത്ത ഘട്ടമായി പദ്ധതി ഗ്രേറ്റര്‍ കൊച്ചി മേഖലയിലുള്ള മുന്‍സിപ്പാലിറ്റികളിലേക്കും, പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ പദ്ധതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുന്നതിലൂടെ എറണാകുളം ജില്ലയെ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.ചടങ്ങില്‍ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു.ഹൈബി ഈഡന്‍ എം പി ആപ്പ് പ്രകാശനം ചെയ്തു.ടി ജെ വിനോദ് എംഎല്‍എ, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍, പ്രഫ. കെ എ മധുസൂദനന്‍, ഡോ.ബേബി ചക്രപാണി സംസാരിച്ചു.

Tags:    

Similar News