കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ മല്‍സരയോട്ടം:കര്‍ശന നടപടികളുമായി കൊച്ചി സിറ്റി പോലിസ്

യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും, നിയമ ലംഘനം നടത്തുന്ന പ്രൈവറ്റ് ബസ്സുകളുടെ പെര്‍മിറ്റ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി പോലിസ് കമ്മീഷണറേറ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Update: 2021-12-08 06:13 GMT

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മല്‍സരയോട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കൊച്ചി സിറ്റി പോലിസ്.കഴിഞ്ഞ മൂന്നു ദിവസമായി പോലിസിന്റെ നേതൃത്വത്തില്‍ തുടരുന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ നിരവധി ബസുകള്‍ക്കെതിരെ നടപടിസ്വീകരിച്ചതായി കൊച്ചി സിറ്റി പോലിസ് വ്യക്തമാക്കി.

കൊച്ചി പോലീസ് കമ്മീഷണറേറ്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആന്റ് പോലിസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ട്രാഫിക് വെസ്റ്റ്, ഈസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റുകള്‍ സംയുക്തമായിട്ടായിരുന്നു കഴിഞ്ഞ മുന്നും ദിവസം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.യാത്രക്കാരുടെ പരാതി കൂടി വരുന്ന സാഹചര്യം കണക്കിലെടുത്തും, പ്രൈവറ്റു ബസ്സുകളുടെ മല്‍സരയോട്ടം മൂലം അപകടം വര്‍ധിച്ചതിനെ തുടര്‍ന്നു, മറ്റു വാഹനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലുമാണ് സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചതെന്ന് പോലിസ് വ്യക്തമാക്കി.

മുന്നു ദിവസമായി നടന്ന പരിശോധനയില്‍ സ്വകാര്യ ബസുകള്‍ക്കെതിരെ 158 പെറ്റി കേസുകള്‍ എടുത്തു.കൂടാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സ്വകാര്യ ബസുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് സ്വകാര്യ ബസുകളില്‍ സുഗമമായ യാത്ര ഒരുക്കുന്നതിന് വേണ്ട സാഹചര്യം ഒരുക്കുമെന്ന് കൊച്ചി പോലിസ് കമ്മീഷണറേറ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും, നിയമ ലംഘനം നടത്തുന്ന പ്രൈവറ്റ് ബസ്സുകളുടെ പെര്‍മിറ്റ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു

Tags:    

Similar News