കൊച്ചി മെട്രോ:യാത്ര നിരക്കില്‍ ഇളവ് വരുത്താനൊരുങ്ങി കെ എം ആര്‍ എല്‍

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ഇടയില്‍ കെഎംആര്‍എല്‍ നടത്തിയ സര്‍വ്വെയിലെ ആവശ്യം പരിഗണിച്ചാണു നിരക്കില്‍ ഇളവ് പ്രഖ്യാപിക്കുകെയന്ന് ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Update: 2021-09-22 14:06 GMT

കൊച്ചി: കൊച്ചി മെട്രോയുടെ യാത്ര നിരക്കില്‍ ഇളവ് വരുത്തി ഉടന്‍ പ്രഖ്യാപനം നടത്തുമെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ഇടയില്‍ കെഎംആര്‍എല്‍ നടത്തിയ സര്‍വെയിലെ ആവശ്യം പരിഗണിച്ചാണു നിരക്കിളവ് പ്രഖ്യാപിക്കുകെയന്ന് ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 77 ശതമാനം ആളുകളുടെയും പ്രധാന ആവശ്യം മെട്രോ യാത്ര ടിക്കറ്റ് നിരക്ക് കുറക്കണമെന്നതായിരുന്നു.ഗാന്ധി ജയന്തി, കേരളപ്പിറവി ദിനങ്ങളില്‍ പകുതി ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാം. ജലമെട്രോ ഡിസംബറില്‍ നീറ്റിലിറക്കും. 95 ശതമാനം ജോലികളും പൂര്‍ത്തിയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്ന രണ്ടാം ഘട്ടത്തിന് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. നെടുമ്പാശേരിക്കുള്ള മൂന്നാം ഘട്ടത്തിന്റെ തീരുമാനം ആയിട്ടില്ല. മെട്രോ റൂട്ടിലെ വന്‍കിട സ്ഥാപനങ്ങളിലെ സ്റ്റാഫിന് മെട്രോ യാത്രക്കുള്ള പ്രത്യേക സ്‌കീം തയ്യാറാക്കുന്നുണ്ട് .മെട്രോ സ്‌റ്റേഷനുകളില്‍ നാല്‍പതിനായിരം ചതുരശ്ര അടിയോളം സ്ഥലം വാടകയ്ക്ക് നല്‍കും..കിയോസ്‌കുകള്‍ നിര്‍മിക്കാനുള്ള അനുമതിയുണ്ടാകും.

തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍, ഫാമിലി, യാത്ര സംഘങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവുകള്‍ എന്നിവയും ആലോചിക്കുന്നുണ്ട്.യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഓരോ സ്‌റ്റേഷന്‍ പരിധിയിലും എത്ര സ്ഥലം ബാക്കിയുണ്ടെന്ന് അറിയാന്‍ ആപ്പ് കൊണ്ടുവരും.ജലമെട്രോ ബോട്ടുകള്‍ക്കും മെട്രോ ട്രെയിനുകള്‍ക്കും പേരിടുമെന്നും എം ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Tags:    

Similar News