കൊച്ചി മെട്രോ റെയില്‍ ട്രാക്കിന്റെ ചരിവ്: പത്തടിപ്പാലത്തെ 347ാം പില്ലറിന്റെ അടിത്തറ ബലപ്പെടുത്തല്‍ ജോലി അടുത്ത ആഴ്ച തുടങ്ങും
അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡിഎംആര്‍സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജോലികള്‍ ആരംഭിക്കുന്നത്.
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പാളത്തിന്റെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡിഎംആര്‍സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജോലികള്‍ ആരംഭിക്കുന്നത്. എല്‍ ആന്‍ഡ് ടി ക്കാണ് നിര്‍മ്മാണ ചുമതല.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോ റെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുകയെന്നും കെഎംആര്‍എല്‍ അറിയിച്ചു.
347 ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ ലഘുവായ വ്യതിയാനം വന്നതിനെ തുടര്‍ന്ന് ട്രാക്കിന്റെ അലൈന്‍മെന്റില്‍ ലഘുവായ വ്യത്യാസം ഉണ്ടായതായി നേരത്തെ കെ എം ആര്‍ എല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ഈ ഭാഗത്തെ മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണോ ഇതെന്ന് പരിശോധിക്കുന്നുണ്ടെന്നും കെഎംആര്‍ എല്‍ അധികൃതര്‍ അറിയിച്ചിരുന്നു.മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ട്രെയിനിന്റെ വേഗം കുറച്ചിരുന്നു.