സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; കൊച്ചി മെട്രോയില്‍ ഇനി മുതല്‍ എല്ലാ സ്‌റ്റേഷനില്‍ നിന്നും സൈക്കിള്‍ കയറ്റാം

ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും സൈക്കിള്‍ പ്രവേശനം അനുവദിക്കുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.ഒരു ട്രെയിനില്‍ നാലു സൈക്കിളുകള്‍ മാത്രമാണ് അനുവദിക്കുക. അവശിഷ്ടങ്ങള്‍, ഗ്രീസ് ആധിക്യം, അഴുക്ക്, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവ ഇല്ലാതെ ആയിരിക്കണം സൈക്കിള്‍ കയറ്റേണ്ടത്. ഏതെങ്കിലും തരത്തിലുള്ള മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൈക്കിളുകളും പരിശീലന ചക്രങ്ങള്‍ ഘടിപ്പിച്ച സൈക്കിളുകളും അനുവദിക്കില്ല

Update: 2020-11-27 12:36 GMT

കൊച്ചി: പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച് എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). കൊച്ചി നഗരത്തില്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നവംബര്‍ 17നാണ് തെരഞ്ഞെടുക്കപ്പെട്ട ആറു സ്റ്റേഷനുകള്‍ വഴി മെട്രോയില്‍ സൈക്കിള്‍ കൊണ്ടുപോവാന്‍ യാത്രക്കാരെ അനുവദിക്കുന്നതിന് കെഎംആര്‍എല്‍ തീരുമാനിച്ചത്. പരീക്ഷണാര്‍ഥം ആദ്യ ഘട്ടത്തില്‍ ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ഹാള്‍, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്റ്റേഷനുകളിലായിരുന്നു  ഈ സൗകര്യം.

നവംബര്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 67 യാത്രക്കാരാണ് ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തിയത്. പ്രതിദിനം ശരാശരി 15,000 യാത്രക്കാരാണ് നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്.സൈക്കിളുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് എല്ലാ സ്‌റ്റേഷനിലും അനുമതി നല്‍കാന്‍ തീരുമാനിച്ചത്.സേവനം വ്യാപിക്കുന്നതിന്റെ ഭാഗമായി സൈക്കിളുകളുടെ പ്രവേശനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശവും കെഎംആര്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു ട്രെയിനില്‍ നാലു സൈക്കിളുകള്‍ മാത്രമാണ് അനുവദിക്കുക. അവശിഷ്ടങ്ങള്‍, ഗ്രീസ് ആധിക്യം, അഴുക്ക്, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവ ഇല്ലാതെ ആയിരിക്കണം സൈക്കിള്‍ കയറ്റേണ്ടത്. ഏതെങ്കിലും തരത്തിലുള്ള മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൈക്കിളുകളും പരിശീലന ചക്രങ്ങള്‍ ഘടിപ്പിച്ച സൈക്കിളുകളും അനുവദിക്കില്ല.

മടക്കിക്കളയുന്നതോ അഴിച്ചുമാറ്റാന്‍ പറ്റുന്നതോ ബാഗുകള്‍ വഹിക്കുന്നതോ ആയ സൈക്കിളുകളെ ലഗേജ് ഇനങ്ങളായി കണക്കാക്കും. സ്റ്റേഷന്‍ പരിസരം, ഇടനാഴികള്‍, സ്റ്റേഷന്‍ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന പാലം, പ്ലാറ്റ്ഫോം തുടങ്ങിയ ഇടങ്ങളില്‍ സൈക്കിള്‍ ഓടിക്കുന്നതിനും നിരോധനമുണ്ട്. സൈക്കിള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചതെന്നും ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും സൈക്കിള്‍ പ്രവേശനം അനുവദിക്കുമെന്നും കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

Tags:    

Similar News