കൊച്ചി മെട്രോ: തൈക്കൂടത്ത് നിന്നും പേട്ടയിലേക്കുള്ള പുതിയ പാതയില്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ അനുമതി

മെട്രോ റെയില്‍ സുരക്ഷ കമ്മീഷണര്‍ കെ മനോഹരന്റെ നേതൃത്വത്തില്‍ 1.33 കിലോമീറ്റര്‍ പാതയില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് സര്‍വീസിന് തുടങ്ങാന്‍ അനുമതി നല്‍കിയത്. പേട്ട വരെയുള്ള നിര്‍മാണം അവസാനിക്കുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി.

Update: 2020-05-30 04:39 GMT

കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടത്ത് നിന്നും പേട്ടയിലേക്കുള്ള പുതിയ പാതയില്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ അനുമതി. മെട്രോ റെയില്‍ സുരക്ഷ കമ്മീഷണര്‍ കെ മനോഹരന്റെ നേതൃത്വത്തില്‍ 1.33 കിലോമീറ്റര്‍ പാതയില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് സര്‍വീസിന് തുടങ്ങാന്‍ അനുമതി നല്‍കിയത്. പേട്ട വരെയുള്ള നിര്‍മാണം അവസാനിക്കുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. അഞ്ചംഗ വിദഗ്ധ സംഘം ഇവിടെ സന്ദര്‍ശനം നടത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിച്ചിരുന്നുവെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ വൈകുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉദ്ഘാടന ദിവസം തീരുമാനിച്ചിട്ടില്ല.

വിശദമായ പരിശോധനയാണ് പുതിയ പാതയില്‍ നടന്നത്. പൈല്‍ ഫൗണ്ടേഷന്‍, തൂണുകള്‍, ഗര്‍ഡറുകള്‍, പാലങ്ങള്‍ തുടങ്ങിയവ നേരിട്ട് പരിശോധിച്ചു. ട്രാക്കിന്റെ സുരക്ഷിതത്വവും നേരിട്ട് പരിശോധന നടത്തി. ലിഫ്റ്റ്, എസ്‌കലേറ്റര്‍, അഗ്നിരക്ഷ സംവിധാനങ്ങള്‍, അടിയന്തിര രക്ഷ മാര്‍ഗങ്ങള്‍ തുടങ്ങിയവയും കൃത്യമാണെന്ന് ഉറപ്പുവരുത്തി. സിഗ്നലിങുമായി ബന്ധപ്പെട്ട് പാസഞ്ചര്‍ ഹെല്‍പ് പോയിന്റ്, സിഗ്‌നലിങ് ഉപകരണ മുറി തുടങ്ങിയവയും പരിശോധിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാമുണ്ടെന്നും ഉറപ്പുവരുത്തി. കെഎംആര്‍എല്‍ നേരിട്ട് നിര്‍മാണം നടത്തുന്ന പേട്ട-എസ്.എന്‍ ജങ്ഷന്‍ പാതയില്‍ പണികള്‍ പുരോഗമിക്കുകയാണ്. നൂറോളം പൈലുകള്‍ സ്ഥാപിച്ച ഇവിടെ തൂണുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Tags:    

Similar News