കേന്ദ്ര സര്‍ക്കാരിന്റെ സുസ്ഥിര വികസന സൂചികയില്‍ കൊച്ചിക്ക് അംഗീകാരം

നീതി ആയോഗ് തയ്യാറാക്കി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം രാജ്യത്തെ നഗരങ്ങളില്‍ നൂറില്‍ 72.29 മാര്‍ക് നേടി കൊച്ചി അഞ്ചാം സ്ഥാനം നേടിയതായി കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍

Update: 2021-11-26 12:55 GMT

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട സുസ്ഥിര നഗര വികസന സൂചികയില്‍ കൊച്ചിയ്ക്ക് അംഗീകാരം ലഭിച്ചതായി മേയര്‍ അഡ്വ.എം അനില്‍കുമാര്‍. നീതി ആയോഗ് തയ്യാറാക്കി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം രാജ്യത്തെ നഗരങ്ങളില്‍ നൂറില്‍ 72.29 മാര്‍ക് നേടി കൊച്ചി അഞ്ചാം സ്ഥാനം നേടിയതായും മേയര്‍ വ്യക്തമാക്കി. കൗണ്‍സില്‍ ചുമതലയേറ്റ ആദ്യ വര്‍ഷം തന്നെ ഈ അഭിമാന നേട്ടം നേടുവാന്‍ കൊച്ചിക്കായെന്നും കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ നഗരസഭയുടെ വികസന പരിപ്രേക്ഷ്യത്തിന് ലഭിച്ച അംഗീകാരം കൂടിയാണിതെന്നും മേയര്‍ വ്യക്തമാക്കി.

സാമ്പത്തിക രംഗം, പരിസ്ഥിതി രംഗം, സാമൂഹ്യ രംഗം, ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, ശുചിത്വം, ജലലഭ്യത, ഹരിത ഊര്‍ജം, വ്യവസായം, കാലാവസ്ഥാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങള്‍ക്ക് മാര്‍ക്ക് നിര്‍ണയിച്ചത്.സ്ത്രീസൗഹൃദ നഗരം എന്ന നിലയില്‍ വനിതാ സംരംഭകര്‍ക്കായി കോഴിക്കോട് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നഗരസഭ ആരംഭിച്ചിരുന്നു.

വനിതകള്‍ക്കായി പ്രത്യേക ട്രെയിനിംഗ് പരിപാടികള്‍ ആരംഭിച്ചു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ബയോ ഡൈവേഴ്‌സിറ്റി രജിസ്റ്ററും പ്രത്യേക ആക്ഷന്‍ പ്ലാനും നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. നഗര വനവല്‍കരണം നഗരസഭയുടെ ഈ രംഗത്തെ മറ്റൊരു ഇടപെടലാണെന്നും മേയര്‍ വ്യക്തമാക്കി. ഗതാഗത രംഗത്ത് ഹരിത ഊര്‍ജ വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 100 ഈ ഓട്ടോകള്‍ നിരത്തിലിറക്കുവാനുളള പദ്ധതിക്ക് നേതൃത്വം നല്‍കി.

ജര്‍മന്‍ ഏജന്‍സിയായ ജിഐഇസഡ് മായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മോട്ടോര്‍ രഹിത വാഹനങ്ങള്‍ക്ക് പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെ സൈക്കിള്‍ വിത്ത് കൊച്ചി എന്ന കാംപയിന്‍ ആരംഭിച്ചു. സ്മാര്‍ട്ട് റോഡുകളില്‍ ഉള്‍പ്പെടെ സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മ്മിച്ചു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ നടപ്പാതകള്‍ നിര്‍മ്മിക്കപ്പെട്ടതും ഈ ഒരു വര്‍ഷത്തിനിടെയാണെന്നും കൊച്ചി നഗരത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുവാനുളള പരിശ്രമം നടത്തുവാന്‍ നഗരസഭ പ്രതിജ്ഞാ ബദ്ധമാണെന്നും മേയര്‍ വ്യക്തമാക്കി.

Tags:    

Similar News