കേരളാ കോൺഗ്രസിലെ തമ്മിലടി: ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം

തിരഞ്ഞെടുപ്പ് അടുത്തിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീരാത്തതില്‍ യുഡിഎഫിൽ അതൃപ്തിയുണ്ട്. ഇരുവിഭാഗവും തമ്മിലുളള തര്‍ക്കം സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Update: 2019-09-08 06:15 GMT

തിരുവനന്തപുരം:  ആത്മാഭിമാനം ഉണ്ടെങ്കിൽ പി ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുമായി സഹകരിക്കില്ലെന്ന പി ജെ ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫിന്റെ തകർച്ചക്ക് തുടക്കം കുറിച്ചതായും കോടിയേരി പറഞ്ഞു.

ജോസഫിനെ കൂക്കി വിളിച്ചവരെ നിയന്ത്രിക്കാൻ പോലും യുഡിഎഫിന് കഴിഞ്ഞില്ല. പി ജെ ജോസഫ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. യുഡിഎഫ് വിട്ട് പുറത്തുവന്നാല്‍ എല്‍ഡിഎഫ് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പുറത്തുവരുന്നവരെ ഉടനെ സ്വീകരിക്കുന്ന പ്രസ്ഥാനമല്ല ഇടതുമുന്നണി എന്നായിരുന്നു കോടിയേരിയുടെ മറുപടി. കേരളകോണ്‍ഗ്രസിലെ തര്‍ക്കം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി പാലായില്‍ വിജയിക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീരാത്തതില്‍ യുഡിഎഫിൽ അതൃപ്തിയുണ്ട്. ഇരുവിഭാഗവും തമ്മിലുളള തര്‍ക്കം സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രശ്നം വഷളാക്കാതിരിക്കാന്‍ ഇരുവിഭാഗത്തിനും കര്‍ശന നിര്‍ദ്ദേശവും നൽകി. ഇതിനോടകം തന്നെ പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും പലതവട്ടം ഇക്കാര്യങ്ങളില്‍ നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. തര്‍ക്കം അവസാനിപ്പിക്കാത്തത് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിലും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പി ജെ ജോസഫിനെ അനുനയിപ്പിക്കാനുളള ശ്രമവും യു.ഡി.എഫ് നേതൃത്വം നടത്തുന്നുണ്ട്.

Tags:    

Similar News