പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയെ സമവായത്തിലൂടെ കണ്ടെത്തുമെന്ന് ജോസ് കെ മാണി
കേരള കോണ്‍ഗ്രസിലെ ഭിന്നത തിരഞ്ഞെടുപ്പിൽ പ്രശ്നമാകില്ല. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർഥിയെ സമവായചർച്ചയിലൂടെ കണ്ടെത്തുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ മാണി. അനുയോജ്യമായ തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിയെ സംബന്ധിച്ചു പാർട്ടിക്കുള്ളിൽ യോഗം വിളിച്ചുകൂട്ടി സമവായത്തിലൂടെ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അപ്രതീക്ഷിതമല്ല. സപ്തംബർ അവസാനം തിരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ ഭിന്നത തിരഞ്ഞെടുപ്പിൽ പ്രശ്നമാകില്ല. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
കെ എം മാണി മരിച്ച ഒഴിവിലേക്കാണ് സപ്തംബര്‍ 23ന് പാലായിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 27നാണ് വോട്ടെണ്ണല്‍. സപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാം. പത്രികകളുടെ സൂക്ഷ്മപരിശോധന അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി സപ്തംബർ ഏഴ്.
യുഡിഎഫിന്‍റെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നാണ് പാല. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ യുഡിഎഫ് ക്യാമ്പ് ആശങ്കയിലാണ്. അധികാര തർക്കത്തെ തുടർന്ന് ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ടുതട്ടില്‍ തുടരുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൻതോൽവി നേരിട്ട എല്‍ഡിഎഫിനും ഉപതിരഞ്ഞെടുപ്പ് നിർണായകമാണ്.