വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് തിരിച്ചടി; 'ലൗ ജിഹാദ്' ഉയര്‍ത്തിയ പി സി ജോര്‍ജ്ജും ജോസ് കെ മാണിയും തോറ്റു

സംഘപരിവാര്‍ കുപ്രചാരണത്തിന് ചുവട് പിടിച്ച് 'ലൗ ജിഹാദ്' വിഷയം ഉയര്‍ത്തിയ പി സി ജോര്‍ജ്ജിന്റെ പരാജയമാണ് ഏറ്റവും ശ്രദ്ധേയമായത്. 'ലൗ ജിഹാദ്' വിഷയം തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കിയ ജോസ് കെ മാണിയുടെ പരാജയവും വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Update: 2021-05-02 08:46 GMT

കോഴിക്കോട്: വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് കേരള ജനത തിരിച്ചടി നല്‍കിയതിന്റെ മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് പി സി ജോര്‍ജ്ജിന്റേയും ജോസ് കെ മാണിയുടേയും പരാജയം. സംഘപരിവാര്‍ കുപ്രചാരണത്തിന് ചുവട് പിടിച്ച് 'ലൗ ജിഹാദ്' വിഷയം ഉയര്‍ത്തിയ പി സി ജോര്‍ജ്ജിന്റെ പരാജയമാണ് ഏറ്റവും ശ്രദ്ധേയമായത്. 'ലൗ ജിഹാദ്' വിഷയം തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കിയ ജോസ് കെ മാണിയുടെ പരാജയവും വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

വിജയം ഉറപ്പിച്ച് ഓരോ പഞ്ചായത്തുകളിലേയും വോട്ടിങ് നിലയടക്കം പങ്കുവച്ച പി സി ജോര്‍ജ്ജിന്റെ പരാജയം പൂഞ്ഞാര്‍ ജനത ആഘോഷമാക്കിയിരിക്കുകയാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിലധികം വോട്ടിന് വിജയിച്ച പി സി ജോര്‍ജ്ജ് ഇത്തവണ എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ കളത്തുങ്ങലിനോട് പതിനൊന്നായിരത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മുസ് ലിം വിരുദ്ധ പ്രചാരണങ്ങളില്‍ ആര്‍എസ്എസ്സിനെ വെല്ലുന്ന വംശീയതയാണ് പി സി ജോര്‍ജ്ജ് പുറത്തെടുത്തത്.

'ലൗ ജിഹാദ്' വിഷയത്തില്‍ സംഘപരിവാര്‍ കുപ്രചാരണം ഏറ്റുപിടിക്കുന്ന നിലപാടാണ് പാലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും സ്വീകരിച്ചത്. കോടതികളും പോലിസും തള്ളിക്കളഞ്ഞ 'ലൗ ജിഹാദ്' വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ഈ പ്രചാരണം ജോസ് കെ മാണിക്ക് തിരിച്ചടിയായി. പതിമൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ മാണി സി കാപ്പന്‍ പാലയില്‍ വിജയിച്ചത്.

Tags:    

Similar News